Category : Seed
ചിറ്റൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന ആസ്വാദകര്‍ക്ക് ആകര്‍ഷകമാവുകയാണ് മാതൃഭൂമി സീഡ് സ്റ്റാള്‍. ചിറ്റൂര്‍ ഗവ. ബോയ്‌സ് സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിലാണ് സ്‌കൂളിലെ കലോത്സവവേദിയുടെ പ്രധാന കവാടത്തിനരികെ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാളിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ. അബൂബക്കര്‍ നിര്‍വഹിച്ചു. സീഡ് ജില്ലയിലെ വിവിധഭാഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചിത്രവിവരണങ്ങള്‍ ഉള്‍പ്പെടെ ഫോട്ടോ പ്രദര്‍ശനം, സ്‌കൂള്‍ സീഡ് അംഗങ്ങളുടെ കിച്ചണ്‍ ഗാര്‍ഡന്‍ എന്നിവ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒട്ടേറെ അറിവ് നല്‍കുന്നതായി. അഞ്ചുസെന്റില്‍ കിണര്‍, മാലിന്യ നിര്‍മാര്‍ജന യൂണിറ്റ് എന്നിവയുള്‍പ്പെടെ സജ്ജീകരിച്ച് വീട്ടിലേക്കാവശ്യമായ മുഴുവന്‍ പച്ചക്കറിയും ഉണ്ടാക്കാവുന്ന സംവിധാനമാണ് കിച്ചണ്‍ ഗാര്‍ഡന്‍. വിഷരഹിത പച്ചക്കറിയുടെ ആവശ്യകത പ്രേക്ഷകരെ ബോധ്യപ്പെടുത്തുക ലക്ഷ്യമിട്ടാണ് കിച്ചണ്‍ ഗാര്‍ഡനെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബാലുമനോഹര്‍ പറഞ്ഞു. കിച്ചണ്‍ സീഡ് സ്റ്റാളില്‍ ഓരോദിവസവും വ്യത്യസ്തമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ 'പ്രകൃതി സൗഹൃദ പീടിക' യാണ് ചൊവ്വാഴ്ച അവതരിപ്പിക്കുക.