പുതുമകളൊരുക്കി മാതൃഭൂമി സീഡ് സ്റ്റാള്‍

By : pkdadmin On 6th December 2014

Category : Seed

ചിറ്റൂര്‍: സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ജില്ലാകലോത്സവ വേദിയിലെ മാതൃഭൂമി സീഡ് സ്റ്റാള്‍. ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബിന്റെ പ്രകൃതിസൗഹൃദ പീടികയായിരുന്നു രണ്ടാംദിവസത്തെ ആകര്‍ഷണം. 'പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ ശീലമാക്കൂ' എന്ന സന്ദേശവുമായാണ് സീഡ് ക്ലബ്ബ് അംഗങ്ങള്‍ രംഗത്തെത്തിയത്. ശുദ്ധമായ വെളിച്ചെണ്ണയില്‍ കുട്ടികള്‍ നിര്‍മിച്ച വിവിധ സുഗന്ധത്തിലുള്ള കാരുണ്യം സോപ്പ്, പേപ്പര്‍ കമ്മലുകള്‍, തുണിസഞ്ചികള്‍ എന്നിവയാണ് പീടികയിലുണ്ടായിരുന്നത്. ഒപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായി സീഡ് ക്ലബ്ബ് തയ്യാറാക്കിയ സന്ദേശങ്ങളും വിതരണം ചെയ്തു. ജില്ലാ കലോത്സവത്തിന്റെ രജിസ്‌ട്രേഷന് ആവശ്യമായ മുഴുവന്‍ തുണിസഞ്ചികളും സീഡ് ക്ലബ്ബ് സൗജന്യമായി നല്‍കി. കുട്ടികളില്‍നിന്ന് തുണിസഞ്ചി ഏറ്റുവാങ്ങിക്കൊണ്ട് ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എ. ഷീബ പ്രകൃതിസൗഹൃദ പീടികയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായി പാലക്കാട് ടൗണ്‍ നോര്‍ത്ത് എ.എസ്.ഐ. എ. പൊന്നുക്കുട്ടി ക്ലാസെടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, ബാലു മനോഹര്‍ എന്നിവര്‍ പങ്കെടുത്തു. സീഡ് സ്റ്റാളില്‍ ഇന്ന്: സീസണ്‍ വാച്ചിന്റെ കോ-ഓര്‍ഡിനേറ്റര്‍ കെ. നിസാര്‍ കുട്ടികളുമായി സംവദിക്കും. സ്‌കൂളുകള്‍ക്കായുള്ള സീഡിന്റെ പച്ചക്കറിവിത്ത് വിതരണവും ഇതോടൊപ്പം നടക്കും.

Photos >>