Category : Seed
ചിറ്റൂര്‍: ചില ചെടികളുടെയും മരങ്ങളുടെയും നാന്പുകള്‍ ആട്ടിന്‍പറ്റം തിന്നാത്തതെന്തുകൊണ്ട്? ചില ചെടികളുടെയും മരങ്ങളുടെയും ചുവട്ടില്‍മാത്രം ഇവ കാഷ്ഠിക്കുന്നതെന്തുകൊണ്ട്? ആ ചെടികളും മരങ്ങളും നാടിന് ആവശ്യമാണെന്ന് ആടുകള്‍ക്കറിയാവുന്നതുകൊണ്ട് എന്നതാണ് ഉത്തരം. ഈ ഉത്തരം കണ്ടെത്തിയത് ഒലവക്കോട് എം.ഇ.എസ്. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍. ഉത്തരം ചോദിച്ചതും പറഞ്ഞതും ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയില്‍. ക്വിസ് മത്സരമായിരുന്നില്ല, ഹൈസ്‌കൂള്‍ വിഭാഗം നാടകമായിരുന്നു വേദി. 'കിളിമരം' എന്ന നാടകത്തില്‍ അഭിനയിച്ചവരെല്ലാം സ്‌കൂളിലെ സീഡ്ക്ലബ്ബ് അംഗങ്ങള്‍. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മുഹമ്മദ്ബസാം സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍. ഇവരുടെ നാടകത്തിനായിരുന്നു സബ്ജില്ലയില്‍ ഒന്നാംസ്ഥാനം. ബസാമായിരുന്നു സബ്ജില്ലയില്‍ മികച്ച നടന്‍. മികച്ചനടി സീഡ്ക്ലബ്ബ് അംഗം ഐശ്വര്യയായിരുന്നു. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മുഹമ്മദ്‌നിഹാല്‍, ഹാദിയഫാത്തിമ എന്നിവരും സീഡ് ക്ലബ്ബിലെ സജീവ പ്രവര്‍ത്തകര്‍. പ്രകൃതിയുടെ ശക്തിയാല്‍വളരുന്ന മരത്തെ ഒരു ദുഷ്ടശക്തിക്കും നശിപ്പിക്കാനാവില്ലെന്നതായിരുന്നു ഇതിവൃത്തം.