Category : love plastic
മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ആറാംഘട്ട സമാഹരണത്തിന്റെ ഫ്‌ളാഗ് ഓഫ് അഡ്വ. പി.അയിഷാ പോറ്റി എം.എല്‍.എ. നിര്‍വഹിക്കുന്നു എഴുകോണ്‍: മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ആറാംവര്‍ഷത്തെ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കാടും മലയും പുഴയും വയലേലകളും പച്ചപ്പ് വിരിക്കുന്ന ഭൂമിയെ സ്‌നേഹിക്കുന്നവര്‍ക്ക് ആഹ്ലാദം പകരുന്ന സമാഹരണ ഉദ്ഘാടനം അഡ്വ. പി.അയിഷാ പോറ്റി എം.എല്‍.എ. നിര്‍വഹിച്ചു. ജലവും പ്രകൃതിയും സംരക്ഷിക്കാനുള്ള ദൗത്യം കുഞ്ഞുകൈകള്‍ക്ക് ഏറ്റെടുക്കാനാകുമെന്ന് സീഡ് തെളിയിച്ചതായി എം.എല്‍.എ. പറഞ്ഞു. സമൂഹത്തില്‍ നല്ല ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ മാതൃഭൂമി സീഡിന് കഴിയുമെന്നതിന്റെ തെളിവാണ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ വിജയമെന്നും കൂട്ടിച്ചേര്‍ത്തു. സമാഹരണത്തിന്റെ ഫ്‌ളാഗ് ഓഫും അയിഷാപോറ്റി നിര്‍വഹിച്ചു. ചടങ്ങില്‍ മാതൃഭൂമി റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ്കുമാര്‍ പദ്ധതി വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം സാധ്യമാക്കുന്ന സംസ്‌കരണശാലകള്‍ വര്‍ദ്ധിക്കുന്നതിന് ലവ് പ്ലാസ്റ്റിക് കാരണമായിട്ടുണ്ടെന്നും ഇത് ഗുണപരമായ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി നല്‍കുന്ന സൗജന്യ പഠനസഹായികളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.ആര്‍.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ലീലാമണി, അംഗം ഏലിക്കുട്ടി, പ്രഥമാധ്യാപിക സൂസന്‍ ഫിലിപ്പ്, ടി.ടി.ഐ. പ്രഥമാധ്യാപിക ഏലിക്കുട്ടി, മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷഫീക്ക്, സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍, കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.സന്ദീപ്, ലേഖകന്‍ എഴുകോണ്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ സി.ടി.തോമസ് സ്വാഗതവും സീഡ് കോഓര്‍ഡിനേറ്റര്‍ എ.സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. ടി.വി.ടി.എം.എച്ച്.എസ്. വെളിയം, എസ്.എ.ബി.യു.പി.എസ്. ചെപ്ര, ജവാഹര്‍ നവോദയ വിദ്യാലയം കൊട്ടാരക്കര, ഡി.വി.എച്ച്.എസ്. മൈലം, ഡി.വി.വി.എച്ച്.എസ്.എസ്. തലവൂര്‍, വി.എസ്.വി.എച്ച്.എസ്.എസ്. എഴുകോണ്‍, ഗവ. എച്ച്.എസ്.എസ്. കടയ്ക്കല്‍, ടൗണ്‍ യു.പി.എസ്. കൊല്ലം എന്നിവിടങ്ങളില്‍നിന്നാണ് സീഡ് പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് പാഴ്വസ്തുക്കളടങ്ങിയ സഞ്ചികള്‍ സമാഹരിച്ചത്. വിവിധ ഇനങ്ങളിലായി വേര്‍തിരിച്ചാണ് സ്‌കൂള്‍തല പ്രവര്‍ത്തകര്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 20 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.