Category : Seed
കൊല്ലം: കല്‍വിളക്കിലെ നിറദീപങ്ങളെ സാക്ഷിയാക്കി, ചുറ്റുമുള്ള പ്രകൃതിയെ ആസ്വദിച്ചറിയുക എന്ന സന്ദേശമുയര്‍ത്തി പരിസ്ഥിതി സഹവാസക്യാമ്പിന് നീണ്ടകരയില്‍ തുടക്കമായി. പരിസരവും പരിസ്ഥിതിയും അറിയാനായി കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ സീഡ് ക്ലബ്ബായ ലവ് ഗ്രീന്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മൂന്നുദിവസത്തെ ക്യാമ്പ് ആരംഭിച്ചത്. നീണ്ടകര ശ്രേയസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്ററില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ്കുമാര്‍ കല്‍വിളക്ക് തെളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുക്കുന്ന 32 അംഗങ്ങളും വിളക്ക് തെളിക്കുന്നതില്‍ പങ്കാളിയായി. പവിത്രതയുള്ള ഭൂമി എങ്ങനെ നമ്മുടെ കൈയില്‍ കിട്ടിയോ അതേ പവിത്രതയോടെ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും അതിനുള്ള മാതൃകയാണ് മാതൃഭൂമി സീഡിലൂടെ പകര്‍ന്ന് നല്‍കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെവലിയര്‍ എസ്.ജോണ്‍ അധ്യക്ഷനായി. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടായാലേ പ്രകൃതിസംരക്ഷണം വിജയകരമാകൂ എന്ന് അദ്ദേഹം പറഞ്ഞു. ശ്രേയസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് റെബേറോ ആമുഖപ്രഭാഷണം നടത്തി. ഭൂമിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുകയാണ് മൂന്നുദിവസത്തെ ക്യാമ്പുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇതില്‍നിന്ന് ഉയരുന്ന ആശയങ്ങളെ വിത്തുകളാക്കി മനസ്സില്‍ ഉള്‍ക്കൊള്ളിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി കൊല്ലം യൂണിറ്റ് പരസ്യം മാനേജര്‍ കെ.അജിത്കുമാര്‍ സംസാരിച്ചു. സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ മൈക്കിള്‍ ഷിനോ ജസ്റ്റസ് സ്വാഗതവും സ്റ്റെസി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.