Category :
മലപ്പുറം: ഒന്നാംക്ലാസുകാരനായ ശ്രീജേഷ് നാലുമണിപ്പൂവിനെ നേര്‍ത്ത വെളിച്ചം പോലെ മാത്രമേ കണ്ടിട്ടുള്ളൂ. അമ്മയാണ് പൂവിനെക്കുറിച്ച് ശ്രീജേഷിന് ഒരുപാട് പറഞ്ഞുകൊടുത്തത്. അതുകൊണ്ടുതന്നെ തന്റെ മരത്തിനും നാലുമണിയെന്നുപേരിട്ടു... ഗാന്ധിജിയോടുള്ള ബഹുമാനം കൊണ്ടാണ് ഹാറൂണ്‍ മഹാത്മജിയെന്ന് തന്റെ മരത്തിന് പേരിട്ടത്. ഇവരെപ്പോലെ നാജിയയും സുനീഷുമെല്ലാം തങ്ങള്‍ക്ക് കിട്ടിയ മരത്തൈയ്ക്ക് ഇഷ്ടമുള്ള പേരിട്ടുവിളിച്ചു. മങ്കട പള്ളിപ്പുറം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിന്റെ മുറ്റത്ത് ഇനി ഇവരുടെ ഇഷ്ടമരങ്ങള്‍ വളരും. മാതൃഭൂമി സീഡിന്റെ 'മൈ ട്രീ' ചലഞ്ചിന് ജില്ലയില്‍ തുടക്കംകുറിച്ചുകൊണ്ടാണ് കുട്ടികള്‍ സ്‌കൂളില്‍ തൈകള്‍നട്ടത്. 'പേര് മരം പദ്ധതി' എന്നപേരിലാണ് സ്‌കൂളില്‍ തൈകള്‍ നട്ടത്. ഓരോ കുട്ടിയും ഇഷ്ടമുള്ള പേര് കണ്ടെത്തിയിരുന്നു. സ്‌കൂളിന്റെ വിവിധ ഇടങ്ങളില്‍ 84 മരങ്ങള്‍ ഇനി വളരും. കുട്ടികളോടൊപ്പം മരംനടാന്‍ രക്ഷിതാക്കളും അധ്യാപകരും കൂടി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാകളക്ടര്‍ കെ.ബിജു നിര്‍വഹിച്ചു. ഇരുട്ടിന്റെ ലോകത്തുള്ള കുട്ടികള്‍ നാടിന് വെളിച്ചമാകുന്ന കാര്യമാണ് മരം നടുന്നതിലൂടെ ചെയ്യുന്നതെന്ന് കളക്ടര്‍ പറഞ്ഞു. നന്മകള്‍ കുട്ടികളുടെ കൂടെയാണ് കൊണ്ടുവരാന്‍ സാധിക്കുക. സീഡിന്റെ മൈ ട്രീ ചലഞ്ചിന് വേണ്ടി മങ്കട വള്ളിക്കാപ്പറ്റ അന്ധവിദ്യാലയം തിരഞ്ഞെടുത്തത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പ്രചോദനമായി എല്ലാ സ്‌കൂളുകളും ഏറ്റെടുക്കണമെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ മാതൃഭൂമി റീജണല്‍ മാനേജര്‍ വി.എസ്.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ന്യൂസ്എഡിറ്റര്‍ പി.കെ രാജശേഖരന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, പ്രധാനാധ്യാപകന്‍ ജെ.ടി മുഹമ്മദ് റഹ്മാന്‍, സ്‌കൂള്‍ മാനേജര്‍ ഡോ.കുഞ്ഞഹമ്മദ് കുട്ടി, സീഡ് കോ ഓര്‍ഡിനേറ്റര്‍ അനുരാജ്, വിദ്യാര്‍ത്ഥിയായ പി.ഹാറൂണ്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു. ജി.യു.പി.എസ് മൈലാടി, എ.യു.പി.എസ് ചെമ്മല, ഊരകം ജവഹര്‍നവോദയ എന്നീ സ്‌കൂളുകളെയാണ് മരങ്ങള്‍നടാന്‍ ഇവര്‍ വെല്ലുവിളിച്ചിരിക്കുന്നത്.