Category : Seed
സാമൂഹികപ്രതിബദ്ധതയും പ്രകൃതിസംരക്ഷണവും ലക്ഷ്യമാക്കി മാതൃഭൂമി സീഡിന്റെ 'മൈ ട്രീ ചലഞ്ച്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഭീമനാട് ഗവ. യു.പി. സ്‌കൂളില്‍ നടന്നു. സ്വന്തം വിദ്യാലയത്തിനും നാടിനുമപ്പുറം വിശാലാര്‍ഥത്തില്‍ മറ്റ് വിദ്യാലയങ്ങളുമായും സമൂഹവുമായും കൈകോര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുഴുവന്‍ വിദ്യാലയങ്ങളെയും പ്രകൃതിസംരക്ഷണം മുന്‍നിര്‍ത്തി പരസ്പരം ബന്ധിപ്പിച്ച് പ്രകൃതിസംരക്ഷണത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നതാണ് മൈ ട്രീ ചലഞ്ചിന്റെ നേട്ടം. മാതൃഭൂമി സീഡിനുവേണ്ടി നടന്‍ മമ്മൂട്ടിയാണ് കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിലെ 440ലധികം വരുന്ന 'സീഡ്' രജിസ്‌ട്രേഷനുള്ള വിദ്യാലയങ്ങള്‍ ഈ പദ്ധതിയിലൂടെ പ്രകൃതിക്കായി സ്‌നേഹശൃംഖല തീര്‍ക്കും. ഓരോ വിദ്യാലയത്തിലെയും സീഡ് ക്ലബ്ബിലെ മൂന്ന് പ്രധാനവിദ്യാര്‍ഥികളാണ് മൂന്ന് വ്യത്യസ്ത മരങ്ങള്‍ സ്‌കൂള്‍വളപ്പിലോ പൊതുസ്ഥലത്തോ നട്ട് പ്രകൃതിസംരക്ഷണത്തിനായി 'വെല്ലുവിളി' ഉയര്‍ത്തുക. ഈ വെല്ലുവിളി ഏറ്റെടുത്ത് മറ്റ് മൂന്ന് വിദ്യാലയങ്ങള്‍ മറ്റ് മൂന്ന് വീതം സ്‌കൂളുകളിലേക്ക് ഈ സന്ദേശമെത്തിക്കുന്നതിനായി 'ചലഞ്ച്' ഉയര്‍ത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘടനച്ചടങ്ങില്‍ ഭീമനാട് ഗവ. യു.പി. സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ കൃപ ആര്‍. സ്‌കൂള്‍വളപ്പില്‍ അത്തിമരം നട്ട് ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിനെയും സീഡ് പോലീസിനെ പ്രതിനിധാനം ചെയ്ത് കെ. നവീന്‍ ആഞ്ഞിലിമരം നട്ട് വരോട് എ.യു.പി. സ്‌കൂളിനെയും സീഡ് ക്ലബ്ബിനെ പ്രതിനിധാനം ചെയ്ത് ഹിബ പി.എച്ച്. സപ്പോട്ട മരം നട്ട് ബെമ്മണൂര്‍ യു.പി. സ്‌കൂളിനെയും 'മൈ ട്രീ ചലഞ്ചി'നായി അഭിവാദ്യം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സാഹിത്യകാരനും പരിസ്ഥിതിപുരസ്‌കാര ജേതാവുമായ ടി.ആര്‍. തിരുവഴാംകുന്ന് നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ മികച്ച കര്‍ഷകന്‍ കൊങ്ങത്ത് യൂസഫ് മൈ ട്രീ ചലഞ്ചിനായി വൃക്ഷത്തൈകള്‍ കൈമാറി. ടി.പി. ബഷീര്‍ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകന്‍ പി. രാധാകൃഷ്ണന്‍, സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് വൈശാഖ്, സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ കെ.സി. മിനി, പി. ശ്രീലത, ശോഭന ചാക്കോ, മേരി തോമസ്, എം. സബിത, കെ. ജുവൈരിയത്ത്, എം. അബ്ദു, കെ. വിജയ് കൃഷ്ണന്‍, സി. സാബിറ എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി സീഡ് മൈ ട്രീ ചലഞ്ചില്‍ ചലഞ്ച് ചെയ്യപ്പെട്ട സീഡ് സ്‌കൂളുകള്‍ 1. എ.യു.പി.എസ്. ചെറുമുണ്ടശ്ശേരി 2. വരോട് യു.പി.എസ്. 3. ജി.യു.പി.എസ്. ബെമ്മണൂര്‍