അധ്യാപികമാര്‍ സീഡ് ഏറ്റെടുത്തു; പ്രവര്‍ത്തനം ഇനി ഒന്നില്‍നിന്ന് ആയിരങ്ങളിലേക്കെത്തും

By : pkdadmin On 18th October 2014

Category : Seed

പാലക്കാട്: അധ്യാപികമാര്‍ നന്മയുടെ വിത്ത് ഏറ്റെടുത്തു. അവരിനി ഭൗമസംരക്ഷണത്തിന്റെ സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കും. അത് നൂറുപേരില്‍നിന്ന് നൂറ് സ്‌കൂളുകളിലേക്കും പിന്നീട് ഓരോ സ്‌കൂളുകളിലെയും ആയിരക്കണക്കിന് വിദ്യാര്‍ഥികളിലേക്കും പടരും. സംസ്ഥാനത്ത് ആദ്യമായി ഒരു ബി.എഡ്. കോളേജില്‍ മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കല്ലേക്കാട് ഭാരതീയ വിദ്യാനികേതന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനാണ് പ്രകൃതിസംരക്ഷണത്തിന് മാതൃഭൂമി സീഡിനൊപ്പം കൈകോര്‍ത്തത്. 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന സന്ദേശം വഴികാട്ടികളിലേക്ക് ആദ്യം പകര്‍ന്നുനല്‍കുക എന്ന ആശയമാണ് ബി.എഡ്. കോളേജില്‍ സീഡ് തുടങ്ങാന്‍ പ്രേരണയായത്. കല്ലേക്കാട് വ്യാസവിദ്യാപീഠം വുമണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി. അരവിന്ദാക്ഷന്‍ കോളേജിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്തു. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ രാജന്‍ ചെറുക്കാട് സീഡ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ രേണുക പി.സി.വി. അധ്യക്ഷയായി. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ മാനേജര്‍ യു. ദിവാകരന്‍, അധ്യാപകരായ രജനി കെ.ആര്‍., എം. പ്രിയ, കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മീര എന്നിവര്‍ സംസാരിച്ചു. കോളേജിലെ നിലവിലുള്ള ബാച്ച് പുറത്തിറങ്ങാന്‍ ഒരുമാസമേയുള്ളൂ. വ്യത്യസ്ത സ്‌കൂളുകളിലേക്ക് പോവുന്ന അധ്യാപികമാര്‍ പഠനത്തോടൊപ്പം ഓരോ സ്‌കൂളിലും സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുമെന്നാണ് കരുതുന്നത്.

Photos >>