Category : Seed
പാലക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകർക്കുള്ള ശില്പശാല ഹോട്ടൽ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു. ഫെഡറൽ ബാങ്ക് എ.ജി.എം. ടി.എൻ. പ്രസാദ്, മാതൃഭൂമി യൂണിറ്റ് മാനേജർ കെ. സേതുമാധവൻ നായർ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എസ്. വിനോദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ. ശോഭന, മാതൃഭൂമി ചീഫ് സബ് എഡിറ്റർ രാജൻ ചെറുക്കാട് എന്നിവർ സമീപം മാതൃഭൂമി സീഡ് പദ്ധതി: അധ്യാപക കോഓർഡിനേറ്റർമാർക്കുള്ള ശില്പശാലകൾ തുടങ്ങി പാലക്കാട്: മണ്ണിനെ കാക്കാൻ, മരങ്ങളെ നോക്കാൻ, പുഴകളെ സ്‌നേഹിക്കാൻ...അങ്ങനെ സമൂഹനന്മ കുട്ടികളിലൂടെ നേടാൻ അധ്യാപകർ വീണ്ടും ഒത്തുചേർന്നു. അഞ്ചുവർഷം പ്രകൃതിക്കൊപ്പം നടന്നതിന്റെ പ്രവർത്തനപരിചയവുമായി ജില്ലയിലെ സ്‌കൂളുകൾ സീഡ് പദ്ധതിയുമായി കൈകോർത്തു. മാതൃഭൂമി സീഡ് പദ്ധതിയുടെ ആറാം വർഷത്തെ പ്രവർത്തനങ്ങളുടെ ആദ്യപടിയായി ജില്ലയിലെ അധ്യാപക കോഓർഡിനേറ്റർമാർക്കുള്ള ശില്പശാലകൾക്ക് തുടക്കമായി. പാലക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകർക്കുള്ള ശില്പശാല ചൊവ്വാഴ്ച ഹോട്ടൽ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിസ്‌നേഹം ജീവിതശൈലിയാക്കി മാറ്റാൻ കുട്ടികളെ പ്രാപ്തരാക്കാൻ നമുക്ക് കഴിയണമെന്നും വെള്ളവും വായുവും ഭൂമിയും മലിനമാക്കുന്ന ചുറ്റുപാടുകളിൽ വിദ്യാർഥികളെ പ്രകൃതിസംരക്ഷണത്തിലേക്ക് വഴികാട്ടേണ്ടത് അധ്യാപകരാണെന്നും എ. അബൂബക്കർ അഭിപ്രായപ്പെട്ടു. മാതൃഭൂമി യൂണിറ്റ് മാനേജർ കെ. സേതുമാധവൻ നായർ അധ്യക്ഷനായി. മനസ്സിൽ സന്തോഷവും ഉന്മേഷവും മാത്രമല്ല, കൃഷിയിലൂടെ മികച്ച സംസ്‌കാരവും കൂടി കുട്ടികളിൽ വളർത്തിയെടുക്കാനാവുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ. ശോഭന ആശംസാപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കൃഷിവകുപ്പ് വിദ്യാലയങ്ങള്ക്കുവേണ്ടി തയ്യാറാക്കുന്ന പദ്ധതികളുടെ വിശദീകരണവും നൽകി. പ്രകൃതിയെ സ്‌നേഹിക്കുന്ന പൗരന്മാരായി കുട്ടികളെ വാർത്തെടുക്കാൻ സാധിച്ച സീഡ് പദ്ധതിയുമായി സഹകരിക്കുന്നതിൽ ഫെഡറൽ ബാങ്കിന് അഭിമാനമുണ്ടെന്നും സാമൂഹികശുചിത്വം, ജലാശയസംരക്ഷണം എന്നിവയ്ക്കുകൂടി നാം ഊന്നൽ നൽകണമെന്നും ഫെഡറൽ ബാങ്ക് എ.ജി.എം. ടി.എൻ. പ്രസാദ് പറഞ്ഞു. മണ്ണിനെ സ്‌നേഹിക്കുന്നതിനൊപ്പം ഭാവിയിലെ പ്രധാനപ്രശ്‌നമാവുന്ന മാലിന്യസംസ്‌കരണത്തിനും നാം വഴി കാണണമെന്നും അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എസ്. വിനോദ് അഭിപ്രായപ്പെട്ടു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ടി. അരുണ്കുമാർ സ്വാഗതം പറഞ്ഞു. മാതൃഭൂമി ചീഫ് സബ് എഡിറ്റർ രാജൻ ചെറുക്കാട്, സർക്കുലേഷൻ മാനേജർ സജി കെ.തോമസ് എന്നിവർ ക്ലാസെടുത്തു.