പരിസ്ഥിതിപാഠം പകര്‍ന്ന് സീഡ് ശില്പശാല

By : tcradmin On 5th July 2014

Category : Seed

തൃശ്ശൂര്‍: പ്രകൃതിയെ കാത്തുരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ പഠിപ്പിക്കാനും അതിനുള്ള മാര്‍ഗ്ഗങ്ങള്‍ പകര്‍ന്നുനല്‍കാനും അധ്യാപകരെ തയ്യാറെടുപ്പിച്ച് മാതൃഭൂമി സീഡ് ശില്പശാല പരിസ്ഥിതിസംരക്ഷണത്തിന്റെ പുതുവര്‍ഷത്തിലേക്ക് കടന്നു. സീഡിന്റെ (സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡവലപ്പ്‌മെന്റ് ആറാംവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ജില്ലയിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചത്. കാസിനോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് ജില്ലാ ഫോറസ്റ്റ്്് ഓഫീസര്‍ എ.ആര്‍. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാമാറ്റം കാരണം നല്ലമഴപോലും കിട്ടാത്ത സമകാലികസ്ഥിതിയുടെ ഉത്തരവാദിത്വം നമ്മുടെ തലമുറയ്ക്കുതന്നെയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിദ്യാഭ്യാസവകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സുഭാഷ് സി.കുമാര്‍ അധ്യക്ഷനായി. ഫെഡറല്‍ ബാങ്ക് എജിഎം കെ.കെ. ജോര്‍ജ്ജ്, സീസണ്‍ വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. നിസാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എ.ആര്‍. ശശികുമാര്‍, സുഭാഷ് സി.കുമാര്‍, കെ.കെ. ജോര്‍ജ്ജ് എന്നിവര്‍ക്ക് ചടങ്ങില്‍ മാതൃഭൂമിയുടെ ഉപഹാരം സമ്മാനിച്ചു. മാതൃഭൂമി തൃശ്ശൂര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ഇ. സലാഹുദ്ദീന്‍ സ്വാഗതവും യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. മച്ചാട് റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ സി. വിജയരാഘവന്‍, സീഡ് റിസോഴ്‌സ് പേഴ്‌സണ്‍മാരായ ജി. വേണുഗോപാല്‍, പി. ശ്രീദേവി എന്നിവര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസെടുത്തു.

Photos >>