Category : Seed
പരിസ്ഥിതിസംരക്ഷണത്തില്‍ പുതിയ അവബോധം നല്‍കി 'സീഡ്' ശില്പശാല Posted on: 05 Jul 2014 കട്ടപ്പന: വിദ്യാലയങ്ങളുമായി സഹകരിച്ച് മാതൃഭൂമി നടത്തുന്ന 'സീഡി'ന്റെ ആറാംവര്‍ഷ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ശില്പശാല നടന്നു. കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്സില്‍ നടന്ന ശില്പശാലയില്‍ കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ നിന്നുള്ള സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരും സീഡ് ക്ലബ്ബ് പ്രതിനിധികളായ വിദ്യാര്‍ഥികളും പങ്കെടുത്തു. പച്ച, നീല, വെള്ള എന്നീ നിറങ്ങളില്‍ ജൈവകൃഷി, ജലസംരക്ഷണം, ശുചിത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ പ്രതിനിധീകരിക്കുന്ന 'സീഡ്' ഉദ്യമത്തിന്റെ പുതിയ മാതൃകയാണ് ശില്പശാലയില്‍ അവതരിപ്പിച്ചത്. മാതൃഭൂമി അസിസ്റ്റന്റ് മാനേജര്‍ (പരസ്യം) ടോമി ജോസഫ് അധ്യക്ഷനായിരുന്നു. കട്ടപ്പന ഡി.ഇ.ഒ. ഷെല്ലി ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ (ഇടുക്കി) ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിചൂഷണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദൂഷ്യഫലങ്ങള്‍ ഏറ്റവും പ്രകടമായിരിക്കുന്ന സമകാലികതയില്‍ വരുംതലമുറയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം അധ്യാപകരില്‍ നിക്ഷിപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പന ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ലാലുമോന്‍ വി.സി, കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ജോസഫ് കുര്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ സെലിം അജന്ത ശില്പശാലയില്‍ ക്ലൂസെടുത്തു. അജിത് കെ.കെ. (മാതൃഭൂമി എക്‌സിക്യുട്ടീവ്-സോഷ്യല്‍ ഇനീഷ്യേറ്റീവ്‌സ്) സീഡ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. 'സീഡ്' ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ മിനി ഫ്രാന്‍സിസ് നന്ദി പറഞ്ഞു. ഹിമേഷ് വി. നായര്‍ (മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ്), ജിതിന്‍ അമല്‍ ആന്റണി, ടി.എസ്.ബിന്ദു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.