Category :
പാലക്കാട്: നിരന്തര പരിശ്രമത്തിലൂടെയാണ് പച്ചപ്പിനെ കാത്തതിന് ഈ കുട്ടിപ്പട ശ്രേഷ്ഠഹരിത വിദ്യാലയമെന്ന കിരീടം സ്വന്തം സ്‌കൂളിന് സമ്മാനിക്കുന്നത്. മാതൃഭൂമി സീഡ് പദ്ധതിയിൽ നൂറുമേനി നേട്ടവുമായി ഭീമനാട് ജി.യു.പി.സ്‌കൂളാണ് പാലക്കാട് റവന്യു ജില്ലയിലെ ശ്രേഷ്ഠഹരിത വിദ്യാലയം. 25,000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റുവാങ്ങാൻ അധ്വാനത്തിന്റെ ആർപ്പുവിളികളുമായി ഭീമനാടിന്റെ സീഡ്കൂട്ടമെത്തും. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്നാണ് സീഡ്പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. സ്‌കൂള് പ്രധാനാധ്യാപകൻ പി.രാധാകൃഷ്ണനും സീഡ് ടീച്ചർ കോഓർഡിനേറ്റർ വി.എം.സാറാമ്മയും ഉൾപ്പെടെയുള്ളവർ പ്രോത്സാഹനവും നേതൃത്വവും നൽകിയപ്പോൾ സീഡ് പദ്ധതിയുടെ എട്ട് പ്രവർത്തനത്തിലും ഭീമനാട് ജി.യു.പി.സ്‌കൂള് മുന്നേറി. ഇവരുടെ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് വിദ്യാലയത്തിനകത്തും പുറത്തുമുള്ള മാതൃകാപരമായ പച്ചക്കറിത്തോട്ടവും നെൽക്കൃഷിയുമാണ്. ഒരു വർഷത്തിനുള്ളിൽ 650 കിലോ നെല്ലും 1,700 കിലോ പച്ചക്കറിയും 250 കിലോ പഴങ്ങളും ഇവർ നട്ടുനനച്ച് വിളവെടുത്തു. പത്തിനം പച്ചക്കറികളും അഞ്ചിനം പഴവർഗങ്ങളുമാണ് ഇവർ വിളയിച്ചത്. പ്രദേശവാസിയായ എറശ്ശേരി രാധാകൃഷ്ണൻ പാട്ടത്തുകയീടാക്കാതെ നൽകിയ 35 സെന്റ് വയലിലാണ് കൃഷിയിറക്കിയത്. വിദ്യാലയത്തിനുപുറത്ത് പാട്ടത്തിനെടുത്ത 80 സെന്റിലായിരുന്നു പച്ചക്കറിക്കൃഷി. കൃഷിവകുപ്പുമായി സഹകരിച്ച് വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ പച്ചക്കറിത്തോട്ടമുണ്ടാക്കാൻ 950 കുട്ടികൾക്ക് വിത്ത് വിതരണം ചെയ്തു. ആഴ്ചയിലൊരിക്കൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് ഒരുപങ്ക് പൊതിച്ചോറാക്കി സമീപത്തെ സർക്കാർ താലൂക്കാസ്പത്രിയിൽ എത്തിച്ച് വിതരണംചെയ്യുന്ന നന്മയും ഇവർക്കുണ്ട്. ശരാശരി 150 രോഗികൾക്കും ആശ്രിതർക്കുമുള്ള ഭക്ഷണമാണ് ഇവർ തയ്യാറാക്കുക. കാരുണ്യ പ്രവർത്തനങ്ങൾക്കായി കാരുണ്യ പദ്ധതിയും സഹായംവേണ്ടവർക്ക് അതെത്തിക്കുന്നതും വിദ്യാലയത്തിന്റെ വേറിട്ട പ്രവർത്തനങ്ങളാണ്. കഴിഞ്ഞവർഷം പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതെത്തിയ ഭീമനാട് സ്‌കൂൾ സമ്മാനത്തുകയായി കിട്ടിയ 15,000 രൂപ മരച്ചുവട്ടിൽ ക്ലാസ്‌റൂം ഒരുക്കിയും മണ്ണിര കമ്പോസ്റ്റ് പിറ്റ് സ്ഥാപിച്ചുമാണ് ചെലവഴിച്ചത്. മനോഹരമായ ഔഷധ സസ്യത്തോട്ടം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ബോധവത്കരണങ്ങൾ, മികച്ച രീതിയിലുള്ള ലൗ പ്ലാസ്റ്റിക് പദ്ധതി നിർവഹണം എന്നിവയും ഇവരെ ഒന്നാം സ്ഥാനക്കാരാക്കാൻ പ്രധാന പങ്കുവഹിച്ചു. സുസജ്ജവും കർമനിരതവുമാണ് ഭീമനാട് ജി.യു.പി.സ്‌കൂളിലെ സീഡ് പോലീസ് സംഘം. ലഹരിവസ്തുക്കൾക്കെതിരെയും മരങ്ങളിൽ ആണിതറയ്ക്കുന്നതിനെതിരെയും ഇവർ ഉറപ്പോടെ പ്രതികരിച്ചു. പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങളിൽ വ്യത്യസ്തപരിപാടികൾ സംഘടിപ്പിച്ചു. ഊർജസംരക്ഷണം, മലിനീകരണനിയന്ത്രണം, ശുചിത്വആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ... ഭീമനാടിന്റെ സീഡ് പട എല്ലാം ഒറ്റക്കെട്ടായി നിന്ന് പൂർത്തിയാക്കി. സീസൺ വാച്ച് പദ്ധതിയിലും സജീവപ്രവർത്തനം കാഴ്ചവെച്ചു. സീഡിന്റെ പ്രവർത്തനങ്ങളിൽ കഴിഞ്ഞവർഷങ്ങളിലൊക്കെയും സമ്മാനർഹരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട് ഭീമനാട് ജി.യു.പി.സ്‌കൂൾ. സീഡ്പദ്ധതിമൂലം കുട്ടികളുടെ മനസ്സിൽ പ്രകൃതിയോടും മണ്ണിനോടുമുള്ള സ്‌നേഹം വളർത്തിയെടുക്കാൻ കഴിഞ്ഞെന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് കോഓർഡിനേറ്റർ സാറാമ്മ ടീച്ചർ പറയുന്നു. ടീച്ചറുടെ വാക്കുകൾ സാർഥകമാക്കുന്നത് സീഡിന്റെ സന്ദേശവും ലക്ഷ്യവുമാണ് 'സമൂഹനന്മ കുട്ടികളിലൂടെ'.