പ്രകൃതിസംരക്ഷണത്തിന്റെ വിത്തുപാകി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതാഭമായ തുടക്കം

By : pkdadmin On 26th June 2014

Category : Seed

പാലക്കാട്: കുട്ടികളുടെ മനസ്സിൽ പ്രകൃതിസംരക്ഷണമെന്ന മഹത്തായ ദൗത്യത്തിന്റെ വിത്തുപാകി 201415 വർഷത്തെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ഹരിതാഭമായ തുടക്കം. പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചന്ദ്രനഗർ ഭാരതമാത ഹയർസെക്കൻഡറി സ്‌കൂൾമുറ്റത്ത് കറിവേപ്പിലത്തൈ നട്ടുകൊണ്ട് സീഡ് പോലീസ് അംഗവും സ്‌കൂൾ വിദ്യാർഥിയുമായ വി. കൈലാസ് നിർവഹിച്ചു. മാതൃഭൂമി സീഡിന്റെ ആറാംവർഷത്തെ പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമായത്. ഉദ്ഘാടനച്ചടങ്ങിൽ മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ കെ. സേതുമാധവൻനായർ അധ്യക്ഷനായി. ഡി.ഇ.ഒ. വി. ഗിരിജ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ. ശോഭന മുഖ്യപ്രഭാഷണം നടത്തി. ഭാരതമാത സ്‌കൂളിലെ സീഡ് റിപ്പോർട്ടർ ടി.എ. അരുൺ സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൃക്ഷത്തൈകൾ വീണ്ടും വീണ്ടും നട്ടുകൊണ്ട് ആഗോളതാപനത്തെ പ്രതിരോധിക്കുമെന്നും വിത്തിന്റെ കരുത്തും ഇലയുടെ പച്ചയും തെളിനീരും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്നും കുട്ടികൾ പ്രതിജ്ഞചെയ്തു. അസി. ഫോറസ്റ്റ് കൺസർവേറ്റർ സാജു വർഗീസ്, ഫെഡറൽ ബാങ്ക് പാലക്കാട് ചീഫ് മാനേജർ സിന്ധു ആർ.എസ്. നായർ, ഭാരതമാത സ്‌കൂൾ മാനേജർ ഫാ. ജോൺ തട്ടിൽ, പ്രിൻസിപ്പൽ ഫാ. ബാബു തട്ടിൽ, പി.ടി.എ. പ്രസിഡന്റ് എ. കൃഷ്ണൻ, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോസഫ് പനയ്ക്കൽ, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ടി. അരുൺകുമാർ, ചീഫ് സബ് എഡിറ്റർ രാജൻ ചെറുക്കാട്, സർക്കുലേഷൻ മാനേജർ സജി കെ. തോമസ് എന്നിവർ സംസാരിച്ചു.

Photos >>