Seed Teacher Co-ordinators Training

By : tcradmin On 18th July 2013

Category : Seed

ഓരോ മരം വെട്ടുമ്പോഴും ഓരോ തുള്ളി വെള്ളം മലിനമാക്കുമ്പോഴും നമ്മള്‍ ഭൂമിയുടെ ആയുസ്സിലാണ് കത്തിവെയ്ക്കുന്നത് എന്ന പാഠം പകര്‍ന്ന് മാതൃഭൂമി സീഡ് പദ്ധതിയുടെ സ്‌കൂള്‍ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്പശാല നടത്തി. പ്രകൃതിയുടെ താളം തെറ്റാതെ നിലനിര്‍ത്താന്‍, പുഴയിലെ ഓളവും ഒഴുക്കും നിലനിര്‍ത്താന്‍ ഒരു തലമുറയെ തങ്ങള്‍ വാര്‍ത്തെടുക്കും എന്ന പ്രതിജ്ഞയുമായാണ് അധ്യാപകര്‍ ശില്പശാലയില്‍നിന്ന് മടങ്ങിയത്. ജലം-ഭക്ഷണം, ജീവന്‍ എന്നതായിരുന്നു ഇക്കുറി മുന്നോട്ടുവെച്ച ആശയം. ഭൂമിയിലെ ചൂട് കൂടുന്നു. കുടിക്കാന്‍ പോലും വെള്ളമില്ല. ഭക്ഷണവും ഇല്ലാതാകുന്ന കാലവും അകലെയല്ല. ജലസമൃദ്ധമായ കേരളത്തില്‍ പോലും ഭൂമിയിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ചില ഓര്‍മ്മപ്പെടുത്തലുകളുമായി ശില്പശാല നിറഞ്ഞു. പരിസ്ഥിതിനാശം കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങള്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ബോധ്യപ്പെടുത്തുക, പുകയിലയുടെ ഉപയോഗം, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക, വിദ്യാര്‍ത്ഥികളുടെ ഹരിതചിന്തകളെ വളര്‍ത്തുക തുടങ്ങിയ ചുമതലകള്‍ അധ്യാപകരെ ഓര്‍മ്മിപ്പിക്കുവാന്‍ ശില്പശാലയ്ക്ക് കഴിഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എ. വത്സല പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നത് കാലത്തെയും പ്രകൃതിയെയും സംരക്ഷിക്കലാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. വികലമായ ഇടപെടലുകള്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം നമ്മുടെ നിലനില്പാണെന്നും എ.എ. വത്സല പറഞ്ഞു. തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ്. പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഒരു മരം മുറിച്ചാല്‍ 10 മരം വെച്ചുപിടിപ്പിക്കണമെന്നാണ് നിയമമെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് എജിഎം പി.കെ. ആന്റോ ആശംസാപ്രസംഗം നടത്തി. ഭൂമിയുടെ നിലനില്പിന് പരിസ്ഥിതിസംരക്ഷണം ആവശ്യമാണെന്നും പരിസ്ഥിതിനാശം ജീവന്റെ നിലനില്പിനെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍ സ്വാഗതവും സീഡ് ജില്ലാ എസ്പിഒസി എ.ആര്‍. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. വനം, പരിസ്ഥിതി, നദികള്‍ എന്നിവയുടെ പ്രാധാന്യം, മനുഷ്യന്റെ അനിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ ഇവയില്‍ വരുത്തുന്ന മാറ്റം തുടങ്ങിയവ വ്യക്തമാക്കി കെ.എഫ്.ഡി.സി. റിട്ട. ഡിവിഷണല്‍ മാനേജര്‍ സി.എ. അബ്ദുള്‍ ബഷീര്‍ ക്ലാസ്സെടുത്തു. സീസണ്‍വാച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. നിസാര്‍, സീഡ് റിസോഴ്‌സ് പേഴ്‌സണ്‍ ജി. വേണുഗോപാല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. 2012-13 വര്‍ഷത്തെ മികച്ച സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്‌കൂള്‍ അധ്യാപിക പി. ശ്രീദേവി സീഡ് പദ്ധതിയിലെ അനുഭവങ്ങളെക്കുറിച്ച് വിവരിച്ചു

Photos >>

Video >>

Seed Teacher Co-ordinators Training