Category : Seed
അഞ്ചല്‍: കൃഷി ഒരു സാംസ്‌കാരമായി കണ്ടതിന്റെ ഭാഗമായി വിത്തുവിതച്ച് വിദ്യാര്‍ഥികള്‍ വളര്‍ത്തിയ നെല്‍ച്ചെടികള്‍ കതിര്‍ചൂടി പാകമായപ്പോള്‍ കൊയ്ത്ത് ഒരു ഉത്സവമാക്കി. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കോട്ടുക്കല്‍ യു.പി. സ്‌കൂളിലെ കുട്ടികളാണ് കൊയ്ത്ത് ഉത്സവമാക്കി മാറ്റിയത്. ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവിയുടെ അധ്യക്ഷതയില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. 50 സെന്റ് നിലത്തിലാണ് നെല്‍ക്കൃഷി നടത്തിയത്. സ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ., എം.പി.ടി.എ., കൃഷിവകുപ്പ് എന്നിവരുടെ സഹായംകൂടി ലഭിച്ചതോടെ കൃഷി ഊര്‍ജ്ജിതമായി. രാവിലെ 9.30ന് ലുങ്കിയും ബനിയനും തലയില്‍ പാളയും ചൂടി ആണ്‍കുട്ടികളും കൊയ്ത്തുവേഷമണിഞ്ഞ് പെണ്‍കുട്ടികളും പാടത്തെത്തി. കൃഷി നമ്മുടെ സംസ്‌കാരമാണെന്നും കൃഷി ചെയ്യുന്നതിലൂടെ നാം നമ്മുടെ രാജ്യത്തെയും അമ്മയേയും സ്‌നേഹിക്കുകയാണെന്നും മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. പറഞ്ഞു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ബി.ശിവദാസന്‍ പിള്ള, വിദ്യാര്‍ഥികളുടെ കൈയില്‍നിന്ന് നെല്‍ക്കതിര്‍ ഏറ്റുവാങ്ങി. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നൗഷാദ്, ചടയമംഗലം എ.ഇ.ഒ. ഷാജി എസ്., പഞ്ചായത്ത് അംഗം ടി.ഷിബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോണ്‍ ജോസഫ്, കൃഷി ഓഫീസര്‍ സിന്ധു ഭാസ്‌കര്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, ഡി.രാധാകൃഷ്ണപിള്ള, എം.നാസര്‍, മാതൃസമിതി പ്രസിഡന്റ് ബിന്ദു, ഇടയം ശ്രീകുമാര്‍, ലേജു, സീഡ് കണ്‍വീനര്‍ ബിന്ദു എല്‍., സ്റ്റാഫ് സെക്രട്ടറി എല്‍.ജയകൃഷ്ണന്‍, മൗലവി മുഹമ്മദ് നജീം, മാതൃഭൂമി സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക്, കൊല്ലം വിദ്യാഭ്യാസ ജില്ലാ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ്, പുനലൂര്‍ വിദ്യാഭ്യാസ ജില്ലാ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.പ്രമോദ്, മാതൃഭൂമി ശങ്കരപുരം ഏജന്റ് ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രഥമാധ്യാപിക എം.ജി.ഗായത്രി സ്വാഗതവും പി.ടി.എ. പ്രസിഡന്റ് സുരേഷ് ബാബു നന്ദിയും പറഞ്ഞു.