Category : Seed
കലയ്‌ക്കോട് :മാനവരാശിയുടെ നിലനില്‍പ്പിനും ജീവിക്കാനാവശ്യമായ പ്രകൃതിഘടകങ്ങളുടെ സംരക്ഷണത്തിനും മാതൃഭൂമി നേതൃത്വം നല്‍കുന്ന സീഡ് പദ്ധതി ഏറെ സഹായകമാണെന്നും അത് പുതിയതലമുറ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ പറഞ്ഞു. മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്‌കാരവിതരണം കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുതിയ വീട് വയ്ക്കുന്നവര്‍ അഞ്ച് മരങ്ങളെങ്കിലും വെട്ടിമുറിക്കും. അത് ചെയ്യുന്നവര്‍ പകരം 10 മരമെങ്കിലും നട്ടുപിടിപ്പിച്ചാലേ വീടിന് നമ്പര്‍ നല്‍കൂ എന്ന് പുതിയൊരു നിയമം വരണം. സീഡ് എന്ന മഹത്തായ കര്‍മ്മപദ്ധതിയില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തിക്കരയാറ്റിന്റെയും കല്ലടയാറ്റിന്റെയും വശങ്ങളില്‍ രണ്ടരലക്ഷം മുളകള്‍ നട്ടുപിടിപ്പിക്കാനും സംരക്ഷിച്ചുവളര്‍ത്താനുമുള്ള ബൃഹത്തായ പദ്ധതി നടപ്പാക്കി തീരസംരക്ഷണം ഉറപ്പാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ല ജലസമ്പുഷ്ടമാക്കാന്‍ കുളങ്ങളും നീരുറവകളും തോടുകളും വനാന്തരങ്ങളിലെ ജലസ്രോതസുകളും സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രകൃതിയെ സ്‌നേഹിക്കുന്നൊരു പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാനും അവരിലൂടെ ഭൂമിയുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള മാതൃഭൂമിയുടെ യജ്ഞം മഹത്തരമാണെന്ന് പരവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.അംബിക പറഞ്ഞു. മണ്ണിനെ അറിയാനും പ്രകൃതിയെ സംരക്ഷിക്കാനും സീഡ് എന്ന കര്‍മ്മപദ്ധതി വഴി മാതൃഭൂമി പഠിപ്പിക്കുന്ന പാഠം ലക്ഷ്യംവയ്ക്കുന്നത് നാളെയുടെ നന്മയാണെന്നും ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.വൈ.ജെയിംസ് പറഞ്ഞു. മാതൃഭൂമി കൊല്ലം യൂണിറ്റ് ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എസ്.വിനോദ്, പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ സി.ഒ.ഹേമലത, കുഞ്ചാരവിള എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍.രാമചന്ദ്രന്‍ പിള്ള, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ബിജു നെട്ടറ, മാതൃഭൂമി കൊല്ലം യൂണിറ്റ് മാനേജര്‍ വി.പി.കൃഷ്ണരാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഹരിതവിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വിശിഷ്ടവ്യക്തികളും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.ബിന്ദു സ്വാഗതവും മാതൃഭൂമി പ്രത്യേക ലേഖകന്‍ സി.ഇ.വാസുദേവശര്‍മ്മ നന്ദിയും പറഞ്ഞു. ഐശ്വര്യ പബ്ലിക് സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച പ്രകൃതിസ്‌നേഹം ഊട്ടിവളര്‍ത്തുന്ന നൃത്തവും വനനശീകരണത്തിന്റെ ദുരന്തത്തിലേക്ക് വിരല്‍ചൂണ്ടുന്ന സ്‌കിറ്റും ഏറെ ഹൃദ്യമായി. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ 700 ഓളം കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതവിദ്യാലയ പുരസ്‌കാര ജേതാക്കള്‍ കൊല്ലം വിദ്യാഭ്യാസ ജില്ല: ഹരിത വിദ്യാലയം ഒന്നാം സ്ഥാനം-വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളിമണ്‍. രണ്ടാം സ്ഥാനം-ഐശ്വര്യ പബ്ലിക് സ്‌കൂള്‍, കലയ്‌ക്കോട്. മൂന്നാം സ്ഥാനം-ഗവ.യു.പി.എസ്. ചവറ സൗത്ത്. പ്രോത്സാഹന സമ്മാനങ്ങള്‍: 1.ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍, നെടുങ്ങോലം, 2.ഗവ.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി. മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍-സക്കറിയ മാത്യു (വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ജെം ഓഫ് സീഡ്-ബി.കീര്‍ത്തന(വെള്ളിമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) കൊട്ടാരക്കര വിദ്യാഭ്യാസ ജില്ല: ഹരിത വിദ്യാലയം ഒന്നാം സ്ഥാനം-ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താമരക്കുടി. രണ്ടാം സ്ഥാനം -കാര്‍മ്മല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടലാവിള, നെല്ലിക്കുന്നം. മൂന്നാം സ്ഥാനം-ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വാക്കനാട്. പ്രോത്സാഹന സമ്മാനങ്ങള്‍: 1.സെന്റ് ജോര്‍ജ്ജ് വി.എച്ച്.എസ്.എസ്. ചൊവ്വള്ളൂര്‍, 2.ഡി.വി.വി.എച്ച്.എസ്.എസ്., മൈലം. 3.ജവാഹര്‍ നവോദയ വിദ്യാലയം, കൊട്ടാരക്കര. മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍-ദീപ്തി എം.എല്‍.(ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താമരക്കുടി). ജെം ഓഫ് സീഡ്-സനില്‍(ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താമരക്കുടി) പുനലൂര്‍ വിദ്യാഭ്യാസ ജില്ല: ഹരിതവിദ്യാലയം ഒന്നാം സ്ഥാനം-ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടയ്ക്കല്‍. രണ്ടാം സ്ഥാനം-ജി.ഇ.എം.എച്ച്.എസ്, പൂങ്കോട്, ചടയമംഗലം. മൂന്നാം സ്ഥാനം-ആര്‍.ബി.എം.യു.പി.എസ്. കാര്യറ. പ്രോത്സാഹന സമ്മാനങ്ങള്‍: 1.ഗവ.എച്ച്.എസ്.എസ്. ഒറ്റക്കല്‍, 2. എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം. 3.ഗവ.യു.പി.എസ്., വെള്ളൂപ്പാറ. മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍-വി.വിജയന്‍(ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടയ്ക്കല്‍). ജെം ഓഫ് സീഡ്-എം.എസ്.ആദര്‍ശ്(ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടയ്ക്കല്‍).