വാന്‍ ഇഫ്ര പുരസ്‌കാരം: മാതൃഭൂമി സീഡിന് അഭിനന്ദന പ്രവാഹം

By : admin On 11th September 2013

Category : Seed

ഭൂമിയുടെ ഹരിതാഭ നിലനിര്‍ത്താനും അതുവഴി മനുഷ്യാരാശിയുടെ അതിജീവനം ഉറപ്പുവരുത്താനുമുളള മാതൃഭൂമി സീഡിന്റെ (സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്‌മെന്റ്) പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരം വിദ്യാലയങ്ങള്‍ ഏറ്റെടുത്തു. 'സീഡി'ന് ലഭിച്ച വാന്‍ ഇഫ്രയുടെ രണ്ടാമത്തെ അംഗീകാരം വിവിധ സീഡ് യൂണിറ്റുകള്‍ ആവേശപൂര്‍വമാണ് വരവേറ്റത്. സീഡ് വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിന്റെ അഭിനന്ദന സന്ദേശങ്ങളുമെത്തി.

വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് ന്യൂസ് പബ്ലിഷേഴ്‌സി (വാന്‍ ഇഫ്ര)ന്റെ 2013-ലെ യങ് റീഡര്‍ കണ്‍ട്രി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇക്കുറി ഇന്ത്യയ്ക്കാണ് ലഭിച്ചത്. ഈ പുരസ്‌കാരത്തില്‍ മാതൃഭൂമിയടക്കം എട്ടു മാധ്യമ സ്ഥാപനങ്ങള്‍ പങ്കാളികളാണ്. 2005-ല്‍ ബ്രസീലിന് ലഭിച്ചശേഷം ആദ്യമായാണ് ഒരു രാജ്യത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

2009-ല്‍ മാതൃഭൂമി തുടക്കം കുറിച്ച സീഡ് പദ്ധതി ആറായിരത്തോളം വിദ്യാലയങ്ങളിലൂടെ 20ലക്ഷം വിദ്യാര്‍ഥികളെ പങ്കാളികളാക്കിയതായി വാന്‍ ഇഫ്രയുടെ വെബ്‌സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വലിയൊരു കൂട്ടായ്മയാണ്. പരിസ്ഥിതിയെ അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നശ്രദ്ധേയമായ പരിപാടിയാണിതെന്നും വാന്‍ ഇഫ്ര പ്രശംസിച്ചു. കുട്ടികളില്‍ പരിസ്ഥിതിബോധവും സാമൂഹികപ്രവര്‍ത്തനത്തിനുള്ള മനോഭാവവും വളര്‍ത്താന്‍ സീഡിന് കഴിഞ്ഞതായും ജൂറി നിരീക്ഷിച്ചു. 2012-ല്‍ കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തിയ സ്റ്റുഡന്റ് പാര്‍ലമെന്റ് പുരസ്‌കാരസമിതി പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കേരവൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനും ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാറിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതായിരുന്നു സ്റ്റുഡന്റ് പാര്‍ലമെന്റെന്നും സമിതി പറഞ്ഞു.

രാജ്യത്ത് കുട്ടികളുടെ പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യബൃഹദ് സംരഭമായ മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് വാന്‍ ഇഫ്രയുടെ പരാമര്‍ശങ്ങള്‍. പ്രകൃതി സംരക്ഷണത്തിനായി മാതൃഭൂമി കുട്ടികളോടൊപ്പം നടന്നുതുടങ്ങിയിട്ട് അഞ്ചുവര്‍ഷമാകുന്നു. ആയിരക്കണക്കിന് അധ്യാപകരും രക്ഷിതാക്കളും ഉദ്യോഗസ്ഥരുമെല്ലാം 20 ലക്ഷം വിദ്യാര്‍ഥികളോടൊപ്പം ഈ കൂട്ടായ്മയുടെ ഭാഗമാണ്.

വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് സംരക്ഷിക്കല്‍, ജലസംരക്ഷണം, ഊര്‍ജ സംരക്ഷണം, പൊതുജനാരോഗ്യസംരക്ഷണം, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സീഡിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ് സീഡ് വിദ്യാലയങ്ങളും കൂട്ടുകാരും.

സീഡ് നേടിയ അംഗീകാരങ്ങള്‍
  • എന്‍.പി.ഉണ്ണിപിള്ള ഫൗണ്ടേഷന്‍ പുരസ്‌കാരം
  • എഫാക്‌സ് പുരസ്‌കാരം
  • വനമിത്ര പുരസ്‌കാരം
  • വാന്‍ ഇഫ്രയുടെ യങ് റീഡര്‍ പ്രത്യേക പുരസ്‌കാരം(2011)
  • അന്തര്‍ദേശീയ പരസ്യ സംഘടനയുടെ ഒലിവ് ക്രൗണ്‍ ഹരിത പുരസ്‌കാരങ്ങള്‍ 2012 &2013

Photos >>