ഉത്തരപ്പള്ളിയാര്‍ പുനരുജ്ജീവനത്തിന് സീഡ് വിദ്യാര്‍ഥികളുടെ കര്‍മപദ്ധതി

Posted By : Seed SPOC, Alappuzha On 21st November 2013


ചെങ്ങന്നൂര്‍: ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രതിജ്ഞയുമായി പാണ്ടനാട് എസ്.വി.ഹൈസ്കൂളിലെ ഹരിതം "മാതൃഭൂമി' സീഡ് ക്ലബ് അംഗങ്ങള്‍ രംഗത്തിറങ്ങി. പണ്ട് സമൃദ്ധമായ നീരൊഴുക്കുണ്ടായിരുന്ന ആറിന്റെ ഇന്നത്തെ ദുരവസ്ഥ അവര്‍ നേരില്‍ക്കണ്ടു. ആറ്റുതീരത്തുകൂടി നടന്നു നീങ്ങുമ്പോള്‍ കൈത്തോടായി ചുരുങ്ങിയ ആറിന്റെ ശോഷിപ്പ് കണ്ടു. ഒടുവില്‍ ഉത്തരപ്പള്ളിയാറിന് പുതുജീവന്‍ നല്‍കാനുള്ള കര്‍മപദ്ധതികള്‍ക്കായി കുട്ടികള്‍ ദൃഢപ്രതിജ്ഞ എടുത്തു.നെടുവരംകോട് മഹാദേവ ക്ഷേത്രക്കടവില്‍ വിദ്യാര്‍ഥികള്‍ വാഴപ്പോളയില്‍വച്ച മണ്‍ചിരാതുകളില്‍ ദീപം തെളിച്ചു. ഇവ ആറ്റിലെ ഓളപ്പരപ്പിലൂടെ ഒഴുകിയപ്പോള്‍ ഉയര്‍ന്നത് നദീസംരക്ഷണ സന്ദേശമായിരുന്നു. നാട്ടുകാര്‍ക്കും ഇത് വേറിട്ടകാഴ്ചയായി.വെണ്മണി, ആലാ, പുലിയൂര്‍, ചെറിയനാട്, എണ്ണയ്ക്കാട് വില്ലേജുകളിലായി ഒഴുകിയിരുന്ന ഉത്തരപ്പള്ളിയാറിന് 18 കിലോമീറ്ററോളം ദൂരമുണ്ട്. ഇതിലെ ചരക്കുമായി കേവുവള്ളങ്ങള്‍ കടന്നുപോയിരുന്ന കാലത്തെക്കുറിച്ച് കുട്ടികള്‍ ചോദിച്ചറിഞ്ഞു. വെണ്മണി ശാര്‍ങ്ങക്കാവിന് പടിഞ്ഞാറ് പുത്താറ്റിന്‍കരയില്‍ നിന്നാണ് സീഡ് ക്ലബ് പ്രവര്‍ത്തകരുടെ പഠനയാത്ര ആരംഭിച്ചത്. ചപ്പാത്തുപാലവും മാവിനാല്‍ പുഞ്ചയും മാമ്പ്ര വടക്ക് പാടവും നെടുവരംകോട് ക്ഷേത്രക്കടവും പിന്നിട്ട് ആലാ സ്കൂള്‍ കവലയില്‍ വിദ്യാര്‍ഥികള്‍ യാത്ര അവസാനിപ്പിച്ചു.ദേശവാസികളിലും നദീസംരക്ഷണ പ്രവര്‍ത്തകരിലും നിന്ന് വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ ശേഖരിച്ചു. വര്‍ഷങ്ങളായി കൃഷിയിറക്കാതെ കിടക്കുന്ന കൃഷിയിടങ്ങള്‍ കണ്ടു. ഉത്തരപ്പള്ളിയാറ്റില്‍ മനുഷ്യര്‍ നടത്തിയ കൈയേറ്റം വേറിട്ടകാഴ്ചയായി.ആറിന്റെ കുറേഭാഗത്ത് പോള നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തള്ളാനുള്ള സ്ഥലമായും ഈ നദി മാറിയിരിക്കുന്നു. എല്ലാം കണ്ടശേഷം വിദ്യാര്‍ഥികള്‍ ആറിന് പുതുജീവന്‍ നല്‍കാന്‍ വിപുലമായ കര്‍മപരിപാടികള്‍ക്കും രൂപം നല്‍കി. ആദ്യം ബോധവത്കരണമാണ് നടത്തുക. ഒപ്പം സര്‍വേയുമുണ്ടായിരിക്കും.ഹ്രസ്വചിത്ര നിര്‍മാണം, ദേശവാസികളുടെ കൂട്ടായ്മ, മലിനീകരണത്തിന് എതിരെയുള്ള മുന്നറിയിപ്പുമായി "ജീവജലം' നാടകാവതരണം, ലഘുലേഖ വിതരണം, ഭീമഹര്‍ജിക്കായി ഒപ്പുശേഖരണം എന്നിവയാണ് ആസൂത്രണം ചെയ്തിട്ടുള്ള കര്‍മപരിപാടികള്‍.ആലാ റൂറല്‍ ഡവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് കെ.കെ. അച്യുതക്കുറുപ്പ്, സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്തംഗം ശോഭ വിജയന്‍, പി.ഡി. വാസുദേവന്‍, എം.കെ. പ്രശാന്ത്, പ്രദീപ്കുമാര്‍, ഹെഡ്മിസ്ട്രസ് എം.സി. അംബികാകുമാരി, ഡി. സജീവ്കുമാര്‍, ജി. കൃഷ്ണകുമാര്‍, ഗീത, സീഡ് കോ ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു. സീഡ് റിപ്പോര്‍ട്ടര്‍ ഗായത്രി, ആദിത്യന്‍, പാര്‍ത്ഥസാരഥി, അനന്ദു, ശ്രീലക്ഷ്മി എന്നിവരുള്‍പ്പെട്ടതായിരുന്നു വിദ്യാര്‍ഥികളുടെ പഠനയാത്രാ സംഘം.