കാട്ടൂരിന്റെ തീരസംരക്ഷണത്തിന് കണ്ടല്‍ച്ചെടികളുമായി സ്കൂള്‍ കുട്ടികള്‍

Posted By : Seed SPOC, Alappuzha On 21st November 2013


കലവൂര്‍: കാട്ടൂര്‍ കടല്‍ത്തീരം സംരക്ഷിക്കാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കണ്ടല്‍ച്ചെടികള്‍ നട്ടു.അലറിവരുന്ന തിരമാലകളില്‍നിന്ന് തീരത്തെ രക്ഷിക്കാനായി കാട്ടൂര്‍ ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബിലെ കുട്ടികളാണ് ചെടികള്‍ വച്ചത്. ഉദ്ഘാടനം മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. സ്‌നേഹജന്‍ നിര്‍വഹിച്ചു.കഴിഞ്ഞ കാലവര്‍ഷത്തില്‍ കാട്ടൂര്‍ തീരത്ത് നിരവധി വീടുകള്‍ കടലാക്രമണത്തില്‍ നശിച്ചിരുന്നു. നിരവധി പ്രദേശങ്ങളും കടലെടുത്തു. ഇതിനെല്ലാമുള്ള പരിഹാരമായാണ് ചെടികള്‍ നട്ടത്.ചെടികളുടെ പരിപാലനത്തിനായി കുട്ടികളുടെ കൂടെ തൊഴിലുറപ്പ് തൊഴിലാളികളുമുണ്ട്. ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി, മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത്, ആലപ്പുഴ രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് എന്നിവയുടേയും സഹകരണത്തോടെയാണ് സീഡ് ക്ലബ് പദ്ധതി നടപ്പാക്കുന്നത്. കണ്ടല്‍ച്ചെടികള്‍ കടലാക്രമണം തടയുന്നതോടൊപ്പം വെള്ളം ശുദ്ധമാക്കുകയും ഉപ്പുരസം കുറയ്ക്കുകയും ചെയ്യും. പ്രകൃതിയോട് യോജിച്ചുള്ള സീഡ് അംഗങ്ങളുടെ ഈ ഉദ്യമത്തിന് നാട്ടുകാരും പൂര്‍ണ പിന്തുണയോടെ രംഗത്തുണ്ട്.സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഇഗേ്‌നഷ്യസും ജോസ് കുര്യനും കുട്ടികള്‍ക്കുള്ള എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായുള്ള സീഡ് ക്ലബ്ബിലെ നൂറോളം വിദ്യാര്‍ഥികളാണ് കണ്ടല്‍ച്ചെടി നട്ടുവളര്‍ത്തുന്നതിനും പരിപാലിക്കാനുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.തിങ്കളാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍ ആലപ്പുഴ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സേവ്യര്‍ കുടിയാംശേരില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മൈക്കിള്‍ ജാക്‌സണ്‍, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്കുമാര്‍, പ്രധാനാധ്യാപകന്‍ കെ.വി. റോമാള്‍ഡ്, വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എസ്. ശ്രീകുമാര്‍, മാതൃഭൂമി പരസ്യവിഭാഗം മാനേജര്‍ ഡി. ഹരി, പഞ്ചായത്തംഗം ശശിധരന്‍. വി.വി., സീഡ് എക്‌സിക്യൂട്ടീവ് അമൃതാ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ മേരിക്കുട്ടി വി.ബി. എന്നിവര്‍ പ്രസംഗിച്ചു.