വിദ്യാര്‍ഥികളുടെ മനസ്സില്‍ ഉണങ്ങിക്കിടന്ന ഹരിതവര്‍ണത്തെ മഴത്തുള്ളി തൂകിപ്പടര്‍ത്തിയ മാതൃഭൂമി 'സീഡ്' പദ്ധതി അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, കഴിഞ്ഞവര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വിദ്യാലയങ്ങളിലേക്ക് ഒരു എത്തിനോട്ടം

Posted By : knradmin On 20th July 2013


 കൃഷിയുണര്‍വുമായി പെരിങ്ങത്തൂര്‍ എന്‍.എ.എം.

മാതൃഭൂമി സീഡ് പദ്ധതി ആരംഭിച്ചതുമുതല്‍ പെരിങ്ങത്തൂര്‍ എന്‍.എ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ആവേശത്തിലായിരുന്നു. ആദ്യവര്‍ഷം തന്നെ സംസ്ഥാന അംഗീകാരം തേടിയെത്തി. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ ജില്ലയില്‍ വീണ്ടും ഒന്നാംസ്ഥാനം.
 സ്വന്തം സ്‌കൂളില്‍ നടപ്പാക്കി വിജയിച്ച പദ്ധതികള്‍ 'കൃഷി ഉണര്‍വ്'  എന്ന പേരില്‍ മറ്റ് സ്‌കൂളുകള്‍ക്ക് കൂടി പകര്‍ന്നുനല്‍കിയാണ് കഴിഞ്ഞവര്‍ഷം പെരിങ്ങത്തൂരിലെ സീഡ് പ്രവര്‍ത്തകര്‍ മാതൃക കാട്ടിയത്. സ്‌കൂള്‍ പരിസരത്ത് നെല്‍ക്കൃഷി ചെയ്യാന്‍ വയല്‍ ലഭ്യമല്ലാത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തിലാണ് ഇവര്‍ കൃഷി ഇറക്കിയത്. അവിടെ നിന്ന് നൂറുമേനി കൊയ്തു. തരിശായിക്കിടന്ന വയല്‍ പ്രദേശത്തുകാരെ അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് കുട്ടികള്‍ മാറ്റിയത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.   സ്‌കൂള്‍ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് 'ലവ് പ്ലാസ്റ്റിക് ' പദ്ധതി തുടങ്ങിയത് നാട്ടുകാര്‍ക്കിടയില്‍ അവബോധമുണ്ടാക്കിക്കൊണ്ടാണ്. ഈ പദ്ധതി മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഇവിടത്തെ സീഡ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു. 
 സ്‌കൂള്‍ പരിസരം ഹരിതാഭമാക്കുകയും പച്ചക്കറി കൃഷിയില്‍ മാതൃക കാണിക്കുകയും ചെയ്തത് സമീപപ്രദേശങ്ങളിലുളളവര്‍ക്കും പ്രചോദനമായി.     ഈ പ്രവര്‍ത്തനങ്ങള്‍ക്ക്       പ്രിന്‍സിപ്പല്‍ ഡോ.എന്‍.എ. മുഹമ്മദ് റഫീഖ്, പ്രധാനാധ്യാപകന്‍ എന്‍. പദ്മനാഭന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.പി. റഫീഖ്, സ്‌കൗട്ട് അധ്യാപകന്‍ കെ.പി. ശ്രീധരന്‍, മാനേജര്‍ കുറുവാളി      മമ്മുഹാജി, പി.ടി.എ. പ്രസിഡന്റ് പി.കെ. മുസ്തഫ, സുജയ തുടങ്ങിയവര്‍ സഹായങ്ങളും നല്‍കി. 
  'കൃഷി ഉണര്‍വ്വ് ' പത്രിക കൃഷിമന്ത്രി കെ.പി.മോഹനന്‍ പ്രകാശനം ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി സ്‌കൂളിന് പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപനം നടത്തിയതും അംഗീകാരമായി സീഡ് പ്രവര്‍ത്തകര്‍ കരുതുന്നു.