നല്ലറിവിലേക്ക് നെല്‍വിത്ത് വിതച്ച് വിദ്യാര്‍ഥികള്‍

Posted By : ktmadmin On 19th November 2013


പാലാ: കേരളപ്പിറവി ദിനത്തില്‍ നെല്‍കൃഷിയുടെ പാഠങ്ങള്‍ പഠിക്കാന്‍ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡംഗങ്ങള്‍ വിത്തു വിതച്ചു. നെല്ലറിവ് നല്ലറിവ് എന്ന പേരില്‍ ചേര്‍പ്പുങ്കല്‍ പാടശേഖരത്തിലെ ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. വെള്ളിയാഴ്ച നടന്ന വിത്തു വിതക്കല്‍ ചടങ്ങ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആഘോഷമാക്കി.
 മൂന്നുമാസം മൂപ്പുള്ള ടി ഇന്‍ഡു ഡി വിത്താണ് വിതച്ചത്. പൂര്‍ണ്ണമായും ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി നടത്തുക. ഇവിടെ ഉടന്‍ തന്നെ പച്ചക്കറി കൃഷി തുടങ്ങുവാനും പദ്ധതിയുണ്ട്. പാടം കൃഷിക്കായി ഒരുക്കിയതും വിദ്യാര്‍ഥികളാണ്. പുതിയ തലമുറയ്ക്ക് അന്യമാകുന്ന കാര്‍ഷിക സംസ്‌കാരത്തെ തലമുറകളിലേക്ക് പകരാനുള്ള യജ്ഞമായാണ് ഇവര്‍ ഇതിനെ വിലയിരുത്തുന്നത്.
ആകാശവാണി വയലും വീടും പരിപാടി ഡയറക്ടര്‍ മുരളീധരന്‍ തഴക്കര വിത്തുവിതയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. 170 വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ജോര്‍ജ്ജ് സി. കാപ്പന്‍, കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന്‍, ബിനി ഫിലിപ്പ്, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. ബര്‍ക്കുമാന്‍സ് സീഡ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു എം. കുര്യാക്കോസ്,ഹെഡ്മാസ്റ്റര്‍ സാബു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.