ശ്രേഷ്ഠഭാഷയെ നെഞ്ചേറ്റി സീഡ് വിദ്യാര്‍ഥികള്‍

Posted By : ktmadmin On 19th November 2013


എരുമേലി: മലയാളഭാഷയുടെ മഹത്ത്വമുള്‍ക്കൊണ്ട് സീഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി. എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡി സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികളാണ് എന്‍.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ കേരളപ്പിറവി ആഘോഷിച്ചത്. മലയാളത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനൊപ്പം യുവതലമുറ ഭാഷയില്‍നിന്ന് അകന്നുപോകുന്നതും വിദ്യാര്‍ഥികള്‍ ലഘുനാടകത്തിലൂടെ ദൃശ്യമാക്കി. മലയാളത്തിന്റെ പെരുമയോതി സംഘനൃത്തവും മലയാളഭാഷയുടെ പ്രസക്തി ആസ്പദമാക്കി പ്രമുഖ കവികളുടെ കവിതകളും വിദ്യാര്‍ഥികള്‍ ആലപിച്ചു.
കേരളപ്പിറവി ആഘോഷങ്ങള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ബീന അഷറഫ് അധ്യക്ഷയായി. പ്രിന്‍സിപ്പലും മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്ററുമായ ആന്‍സമ്മ തോമസ്, ഡൊമിനിക് സാവിയോ, ജിയോ ജയിംസ്, റെജി അമ്പാറ, എബി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.