ജൈവകൃഷിയിലൂടെ മണ്ണിനെ അറിയാന്‍

Posted By : ktmadmin On 19th November 2013


പൂഞ്ഞാര്‍: കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്‌നേഹവും കുട്ടികളില്‍ വളര്‍ത്താനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേക്ക് പകര്‍ത്താനുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്‌കൂളിലെ സീഡ് അംഗങ്ങള്‍ രംഗത്തിറിങ്ങുന്നു. സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബ്ബിന്റെ ഗ്രീന്‍ ടീം അറ്റ് സ്‌കൂള്‍ പ്രോജക്ടിന്റെ ഭാഗമായി 'എന്റ കൃഷി എന്റ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനം സിനിമാനടന്‍ അനൂപ് ചന്ദ്രന്‍ നിര്‍വഹിച്ചു. വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗകളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി പച്ചക്കറികള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ കൃഷിചെയ്യാന്‍ സാധിക്കും എന്ന സന്ദേശം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സെമിനാറുള്‍, ബോധവത്കരണ സന്ദേശവുമായി നോട്ടീസുകള്‍, ഭക്ഷമേള, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മീഡിയകള്‍ ഉപയോഗിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്താനുള്ള മത്സരവുമുണ്ട്.
 കുട്ടികള്‍ തങ്ങളുടെ വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കും. അതിന്റെ ആദ്യഘട്ടം മുതലുള്ള ഡയറിക്കുറുപ്പും അവര്‍ തയ്യാറാക്കും. കുട്ടിളുടെതന്നെ നേതൃത്വത്തില്‍ പൂര്‍ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുക.
   നിശ്ചിത സമയത്തിനുശേഷം, രക്ഷിതാക്കളുടെ സാക്ഷ്യപത്രത്തിന്റെയും കുട്ടികളുടെ ഡയറിക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കൃഷിത്തോട്ടങ്ങള്‍ വിദഗ്ദ്ധസമിതി സന്ദര്‍ശിക്കും. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തി ആദരിക്കും.
പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങും പുതുമ നിറഞ്ഞതായിരുന്നു. കൃഷിയിടത്തില്‍നിന്ന് ശേഖരിച്ച മണ്ണ് നനച്ചതിനുശേഷം അതില്‍ കൈ അമര്‍ത്തി മണ്ണിനെ അറിയുകയും തുടര്‍ന്ന് വെളുത്ത പ്രതലത്തിലേക്ക് കൈപ്പത്തി പതിപ്പിച്ച് പേരെഴുതി ഒപ്പും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുത്ത കുട്ടികളും പ്രതീകാത്മകമായ ഈ രീതി പിന്തുടര്‍ന്നു. ഭക്ഷ്യസുരക്ഷ ഗണ്‍മെന്റ് വാഗ്ദാനംചെയ്യുമ്പോള്‍ സുരക്ഷിത ഭക്ഷണത്തിലേക്കും ആരോഗ്യപരമായ ഭക്ഷ്യശീലങ്ങളിലേക്കും പുതുതലമുറ നയിക്കപ്പെടണമെങ്കില്‍ നമുക്കാവശ്യമായ ഭക്ഷണത്തിന്റെ ഒരുഭാഗമെങ്കിലും നാം കൃഷിചെയ്തുണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ സംസ്ഥാന ചെയര്‍മാന്‍കൂടിയായ അനൂപ് ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ് വയലില്‍കളപ്പുര, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.