കോട്ടയം:ദേശീയ അധ്യാപക പുരസ്‌കാരത്തിനുടമയായ ആന്‍സമ്മ തോമസ് മാതൃഭൂമി സീഡ് ജില്ലാതല അവാര്‍ഡ് ചടങ്ങിലും ശ്രദ്ധേയയായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആന്‍സമ്മ തോമസ് സീഡ് ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ബഹുമതിക്കും അര്‍ഹയായത്. എരുമേലി സെന്റ്‌തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ പ്രഥമാധ്യാപിക, മികവാര്‍ന്ന പ്രവര്‍ത്തനത്താല്‍ കഴിഞ്ഞ വര്‍ഷം സീഡിന്റെ ഹരിത വിദ്യാലയ പുരസ്‌കാരത്തില്‍ ഒന്നാം സ്ഥാനം സ്‌കൂളിന് ലഭിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചു. ഇക്കുറി ഈ പുരസ്‌കാരപട്ടികയില്‍ രണ്ടാം സ്ഥാനം സ്‌കൂളിന് ലഭിച്ചു.
സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഡിസ്ട്രിക്ട് കമ്മീഷണര്‍ പദവിയും വഹിക്കുന്ന ആന്‍സമ്മ തോമസ് വിദ്യാര്‍ഥികളെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. സീഡ് കോ-ഓര്‍ഡിനേറ്ററെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ദേശീയ അധ്യാപക പുരസ്‌കാരം ലഭിക്കുന്നതിന് ഗുണകരമായി. ഈ അധ്യാപികയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായിരുന്നു 2011 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ്.
ശനിയാഴ്ച നടന്ന സീഡ് ജില്ലാതല അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആന്‍സമ്മ തോമസിന് അധ്യാപക സമൂഹവും വിദ്യാര്‍ഥികളും ആദരവ് നല്‍കി. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു അവാര്‍ഡ് ജേത്രിയെ സദസ്സിന് പരിചയപ്പെടുത്തി.
മാതൃഭൂമി സീഡ് പദ്ധതിയുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയ അധ്യാപക അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതിന് പ്രധാനകാരണമായതായി ആന്‍സമ്മ തോമസ് പറഞ്ഞു.