കോട്ടയം:നന്മ വിളയും ഹരിത സംസ്‌കാരത്തിലേക്ക് നാടിനെ വീണ്ടും തുയിലുണര്‍ത്തിയ മാതൃഭൂമി സീഡ് പദ്ധതിയില്‍ ജേതാക്കളായ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം മികച്ച പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം നടത്തിയ വിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഉപഹാരങ്ങള്‍ നല്‍കിയത്.
വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഒന്നാമതെത്തിയ സ്‌കൂളുകള്‍ക്ക് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്‌കാരം നല്‍കി. ആഹ്ലാദവും അഭിമാനവും തിരതല്ലിയ ഉത്സവാന്തരീക്ഷത്തിലായിരുന്നു പ്രൗഢമായ ചടങ്ങ്.
പിതൃസ്വത്തായി കരുതപ്പെടുന്ന പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെ വരുംതലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നതിന് നമുക്കെല്ലാം പരിപൂര്‍ണ ബാധ്യതയുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുതുതലമുറയ്ക്ക് പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം നല്‍കാനുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. പഠനത്തോടൊപ്പം പ്രകൃതിയെ അറിയാനും ആദരിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനുള്ള 'മാതൃഭൂമി'യുടെ പരിശ്രമം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. കൈപ്പുഴ സെന്റ്‌ജോര്‍ജ് വി.എച്ച്.എസ്. സ്‌കൂള്‍ മാനേജര്‍ ഡോ. ലൂക്ക് പൂതൃക്കയില്‍ അധ്യക്ഷനായി. പ്രകൃതിയില്‍നിന്ന് അകലുന്ന ആധുനിക മനുഷ്യനെ ഹരിതസമൃദ്ധിയിലേക്ക് മടക്കിവിളിക്കാന്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് കഴിഞ്ഞതായും മണ്ണിനെയും പ്രകൃതിയെയും സ്‌നേഹിക്കുന്നതിലൂടെ ഈശ്വരനാണ് ആരാധിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും സന്ദേശങ്ങളും പ്രതീകങ്ങളുമായി അണിഞ്ഞൊരുങ്ങിയ കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്. സ്‌കൂളിലായിരുന്നു പുരസ്‌കാരദാന ചടങ്ങ്. റവന്യൂ, ജില്ലാതലത്തില്‍ ഒന്നാമതെത്തിയ കൈപ്പുഴ സ്‌കൂളിനാണ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരവും.
കോട്ടയം റവന്യൂ ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളില്‍നിന്ന് ഹരിതവിദ്യാലയ ബഹുമതിക്ക് അര്‍ഹമായ സ്‌കൂളുകള്‍ക്ക് കാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രങ്ങളും വിതരണം ചെയ്തു.
ഒന്നാംസ്ഥാനക്കാര്‍ക്ക് 25000 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 15000 രൂപയും ലഭിച്ചു. മൂന്നാംസ്ഥാനം നേടിയ സ്‌കൂളിന് 10000 രൂപയുടെ കാഷ് അവാര്‍ഡാണ് ലഭിച്ചത്. ഓരോ വിദ്യാഭ്യാസ ജില്ലയിലും സീഡ് പ്രവര്‍ത്തനത്തില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ജെം ഓഫ് സീഡ് പുരസ്‌കാരവും മികച്ച സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കി.
സമൂഹനന്മയ്ക്കായി പരിസ്ഥിതി കാത്തുരക്ഷിക്കുന്ന സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ആശംസകളര്‍പ്പിച്ച് കോട്ടയം ഡി.ഇ.ഒ. വല്‍സമ്മ ജോസഫ് സംസാരിച്ചു.
ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കുന്നതിനുള്ള ശ്രമം പുതുആവേശം പകരുന്നതായി കോട്ടയം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി.അനില്‍കുമാര്‍ പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മാതൃഭൂമിയുമായി പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് എ.ജി.എം. കെ.യു.തോമസ് പറഞ്ഞു.
പ്രകൃതിസംരക്ഷണത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതാണ് പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വി.കെ.രാജു പറഞ്ഞു.
കാര്‍ഷിക സംസ്‌കാരത്തിന്റെ മേന്മകള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിന് 'മാതൃഭൂമി' ഏറ്റെടുത്തിരിക്കുന്നത് മഹാ ദൗത്യമാണെന്ന് മുന്‍ എം.എല്‍.എ. സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാര്‍ഥി കൂട്ടായ്മയുടെ ഉദാത്തമായ മാതൃക സൃഷ്ടിക്കാന്‍ മാതൃഭൂമിക്ക് കഴിഞ്ഞതായി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ അന്‍സമ്മ തോമസ് പറഞ്ഞു.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു സ്വാഗതവും കൈപ്പുഴ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു നന്ദിയും പറഞ്ഞു. മാതൃഭൂമി സീനിയര്‍ റീജണല്‍ മാനേജര്‍ എസ്.രാജേന്ദ്രപ്രസാദ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.