ആണിയടിച്ചുതൂക്കിയ പരസ്യബോര്‍ഡുകള്‍ മരങ്ങളില്‍ത്തന്നെ

Posted By : pkdadmin On 19th November 2013


കൂറ്റനാട്: ശിഖരങ്ങള്‍നിറയെ പരസ്യബോര്‍ഡുകളുമായി തണല്‍മരങ്ങളുടെ ആയുസ്സെടുത്തുകൊണ്ടിരിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടി പാഴ്‌വാക്കായി. മരങ്ങളിലെ പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യുകയും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നതും വാക്കില്‍മാത്രം ഒതുങ്ങി. കൂറ്റനാട്-പട്ടാമ്പി പാതയോരത്തുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള വന്‍മരങ്ങളിലാണ് സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകള്‍ ആണിയടിച്ച് സ്ഥാപിച്ചിരിക്കുന്നത്. രണ്ടിഞ്ച് മുതലുള്ള ആണികള്‍ മരത്തില്‍ അടിച്ചിറക്കിയാണ് ബോര്‍ഡുള്‍ വെച്ചിരിക്കുന്നത്. ചാലിശ്ശേരിയില്‍ ടൗണിനടുത്തുള്ള വന്‍മരം ഇത്തരത്തില്‍ ഉണങ്ങിയ അവസ്ഥയിലാണ്. സംസ്ഥാനപാതയോരത്തിന്റെ ഇരുവശങ്ങളിലെയും മരങ്ങള്‍ ആണികളാല്‍ നിറഞ്ഞതായുള്ള വാര്‍ത്ത കഴിഞ്ഞവര്‍ഷം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ചാലിശ്ശേരി പഞ്ചായത്ത് സെക്രട്ടറി, കൂറ്റനാട്ടെ പരിസ്ഥിതിപ്രവര്‍ത്തകര്‍ എന്നിവര്‍ ഇതിനെതിരെ മുന്നോട്ടുവന്നിരുന്നു. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞിട്ടും മരങ്ങളിലെ പരസ്യബോര്‍ഡുകള്‍ നീക്കംചെയ്തിട്ടില്ല. തണല്‍മരങ്ങളില്‍ പരസ്യങ്ങള്‍ ആണിയടിച്ച് തൂക്കുന്നതിനെതിരെ കളക്ടറുടെ പ്രത്യേക സര്‍ക്കുലര്‍ നിലനില്‍ക്കുമ്പോഴാണ് ഈ അവസ്ഥ. സര്‍ക്കുലര്‍പ്രകാരം വൃക്ഷങ്ങളില്‍ തറച്ചുകയറ്റിയ ആണികള്‍ പരസ്യംവെക്കുന്ന സ്ഥാപനത്തിന്റെ ചെലവില്‍ നീക്കണമെന്നാണ് വ്യവസ്ഥ. നടപടികളെടുക്കുമെന്നുള്ള അറിയിപ്പുണ്ടായതിനുശേഷവും മരങ്ങളില്‍ പരസ്യങ്ങള്‍ ആണിയടിച്ച് തൂക്കിയിട്ടുണ്ട്.