ശ്രീകൃഷ്ണപുരം: പാലക്കാടിനെ കാര്‍ഷിക സംസ്‌കൃതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി വിദ്യാര്‍ഥികളുടെ ശ്രമം. കുട്ടികളില്‍ കാര്‍ഷിക അഭിരുചിയുണ്ടാക്കുന്നതിനായി കാട്ടുകുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പരിസ്ഥിതിക്ലബ്ബ്, ദേശീയഹരിതസേന എന്നിവചേര്‍ന്ന് പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. അമ്പതോളം കുട്ടികളാണ് സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രമോദിന്റെ നേതൃത്വത്തില്‍ പഠനയാത്രയില്‍ പങ്കെടുത്തത്. സ്‌കൂളില്‍ നടപ്പാക്കിയിട്ടുള്ള നന്മ കാര്‍ഷികപദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷികമേഖലയിലെ നവീന സാങ്കേതിക വിജ്ഞാനം പകരുന്നതിനാണ് സര്‍വകലാശാലയിലെത്തിയത്. 'കാലാവസ്ഥയും കൃഷിയും' എന്ന വിഷയത്തില്‍ മോഹന്‍ദാസ്, സങ്കരയിനം വിത്തുകളെക്കുറിച്ച് ഡോ. സിന്ധു, ടിഷ്യുകള്‍ച്ചറിനെക്കുറിച്ച് രമ്യ, അഗ്രിക്കള്‍ച്ചറര്‍ എന്‍ജിനിയറിങ്ങിനെക്കുറിച്ച് ഡോ. ശുഭാറാണി കുര്യന്‍, ഡോ. ചിത്ര പാറയില്‍ എന്നിവര്‍ ക്ലാസെടുത്തു. എം. കാര്‍ത്ത്യായനി, സി.പി. സുരേഷ്‌കുമാര്‍, പ്രശോഭ്, എ. ഗീതാഗോവിന്ദ് എന്നിവര്‍ പഠനയാത്രയ്ക്ക് നേതൃത്വംനല്‍കി.