അരയങ്ങോട് യൂണിറ്റി സ്‌കൂളില്‍ വിളവെടുപ്പ് ഉത്സവമായി

Posted By : pkdadmin On 19th November 2013


മണ്ണാര്‍ക്കാട്: വിഷരഹിതമായ പച്ചക്കറി സ്വയം ഉത്പാദിപ്പിക്കയെന്ന ലക്ഷ്യമിട്ടുകൊണ്ട് അരയങ്ങോട് യൂണിറ്റി എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുത്ത 'ഹരിതശ്രീ' പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് വിദ്യാലയത്തിന് ഉത്സവമായി. വിദ്യാലയമുറ്റത്തെ മുക്കാലേക്കറോളം വരുന്ന സ്ഥലം പ്രത്യേകം പച്ചക്കറി കൃഷിക്കായി നീക്കിവെച്ച് പൂര്‍ണമായും ജൈവവളമുപയോഗിച്ചാണ് ഇവിടെ പച്ചക്കറി സമൃദ്ധിയൊരുക്കിയത്. വിദ്യാലയത്തിലെ കുട്ടികളെ ആരോഗ്യമുള്ളൊരു തലമുറയാക്കി വളര്‍ത്തിയെടുക്കുക യെന്ന ലക്ഷ്യത്തോടെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെയും അധ്യാപകരുടെയും കൃഷിഭവന്റെയും ഹരിത ക്ലബ്ബംഗങ്ങളുടെയും കൂട്ടായ ശ്രമഫലമായാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. വിത്തിനും വളത്തിനും കൃഷിഭവനില്‍നിന്ന് ലഭിച്ച 4,000 രൂപയുടെ സഹായവും കൃഷിവകുപ്പുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചപ്പോള്‍ വിദ്യാലയമുറ്റം പാവയ്ക്ക, പടവലങ്ങ, വെണ്ട, പയര്‍എന്നിവയുടെ സമൃദ്ധിയിലായി. ജൂണ്‍മാസത്തിലാണ് വിദ്യാലയത്തില്‍ അധ്യാപകരായ പി.പി. അലി, സി. അബു എന്നിവരുടെ മാര്‍ഗനിര്‍ദേശത്തില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ വിഷരഹിതമായ പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കുകയെന്ന ആശയം ഉടലെടുത്തത്. പച്ചക്കറികളുടെ വിളവെടുപ്പ് ശനിയാഴ്ച മണ്ണാര്‍ക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കുന്തിപ്പുഴ നിര്‍വഹിച്ചു. ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ. ദാമോദരന്‍ നമ്പീശന്‍ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. കരീം, വാര്‍ഡംഗങ്ങളായ റഷീദ് കുറുവണ്ണ, റഫീഖ് നെല്ലിപ്പുഴ, കൃഷി ഓഫീസര്‍ പി. ഗിരിജ, കൃഷി അസിസ്റ്റന്റ് ആര്‍. രജനി, പി.ടി.എ. പ്രസിഡന്റ് ജനാര്‍ദനന്‍, പ്രധാനാധ്യാപിക സിസിലിയാമ്മജോസഫ്, സ്റ്റാഫ് സെക്രട്ടറി സി. രാജനന്ദന്‍, അധ്യാപകരായ വി. ഹരി, പി.പി. അലി, സി. അബു എന്നിവര്‍ പ്രസംഗിച്ചു.