തിരൂര്‍: പുഴയോരത്ത് വിദ്യാര്‍ഥികള്‍ 15000-ത്തോളം കണ്ടല്‍ച്ചെടികള്‍ നട്ടു.
കടലാമ സംരക്ഷണപ്രവര്‍ത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ കൊളാവി കടപ്പുറത്തെ തീരസംരക്ഷണ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കൂട്ടായി പി.കെ.ടി.ബി.എം.യു.പി. സ്‌കൂളിലെ ലഗൂണ്‍ ഇക്കോ ക്ലബ്ബ് അംഗങ്ങള്‍ ദേശീയ ഹരിതസേനയുടെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തില്‍ തിരൂര്‍-പൊന്നാനിപ്പുഴയോരത്ത് 15,000 കണ്ടല്‍ച്ചെടികള്‍ നട്ടത്.
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരൂര്‍-പൊന്നാനിപ്പുഴയുടെ തീരത്ത് കണ്ടല്‍വനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ 50 വിദ്യാര്‍ഥികളും ഇവരെ സഹായിക്കാന്‍ അധ്യാപകരുമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 8.30ന് തുടങ്ങി വൈകീട്ട് നാല് മണിക്ക് കണ്ടല്‍ച്ചെടി നടീല്‍ അവസാനിച്ചു.
കൊളാവി തീരം പ്രകൃതി സംരക്ഷണസമിതി പ്രസിഡന്റ് എം.ടി. സുരേഷ്ബാബു നേതൃത്വംനല്‍കി. പരിസ്ഥിതിപ്രവര്‍ത്തകരായ ഷനൂബ് മൂരാട്, അധ്യാപകരായ വി.കെ. രവീന്ദ്രന്‍, എം.പി. മുരളീധരന്‍, ഹരിതസേന, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. ജയശ്രീ എന്നിവര്‍ പങ്കെടുത്തു.