പ്ലാസ്റ്റിക്കിനെ പമ്പകടത്തി; വിദ്യാലയത്തില്‍ ഇനി മുളയുത്പന്നങ്ങള്‍ മാത്രം

Posted By : pkdadmin On 18th November 2013


അലനല്ലൂര്‍: എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ.യു.പി. സ്‌കൂളില്‍ പ്ലാസ്റ്റിക്കിനെ പമ്പകടത്താനായി വിദ്യാര്‍ഥികള്‍ കൈക്കൊണ്ട നടപടിയില്‍ ആഹ്ലാദമേറെ മുണ്ടക്കുന്നിലെ കാവടിയോട്ടില്‍ കോളനിക്കാര്‍ക്ക്. കര്‍ക്കടകമഴയുടെ വറുതിയില്‍ പണിയൊന്നുമില്ലാതിരുന്ന കോളനിക്കാരെ തേടിയെത്തിയ വിദ്യാര്‍ഥികള്‍ നല്‍കിയത് നൂറുകണക്കിന് കുട്ടകളും മുറങ്ങളും നിര്‍മിച്ചുനല്‍കാനുള്ള ഓര്‍ഡര്‍. സ്‌കൂളിലെ പ്ലാസ്റ്റിക് ഇനങ്ങള്‍ മുഴുവന്‍ മാറ്റിയ വിദ്യാര്‍ഥികള്‍ മുളയും ഈറയും കൊണ്ട് നിര്‍മിച്ച ഉത്പന്നങ്ങള്‍ വെച്ചു. മുഴുവന്‍ ക്ലാസ് മുറികളിലും ഓഫീസിലും സ്റ്റാഫ് റൂമിലും അടുക്കളയിലും കമ്പ്യൂട്ടര്‍ ലാബിലും ഇപ്പോള്‍ കുപ്പശേഖരണത്തിന് മുളയുടെ കുട്ടകളാണ്. അടിച്ചുവാരാന്‍ ഈര്‍ക്കിലച്ചൂല്‍. വാരിയെടുക്കാന്‍ ഈറയുടെ മുറം. പ്ലാസ്റ്റിക്കിന്റെ ഒരംശം എങ്ങുമില്ല. മാതൃഭൂമി സീഡ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരമ്പരാഗത തൊഴിലിനെ പരിപോഷിപ്പിച്ചുകൊണ്ടുള്ള പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യം കാണുന്നത്. കോളനിമൂപ്പന്‍ കോലാണ്ടിയുടെ നേതൃത്വത്തില്‍ നിശ്ചിത സമയത്തിനകം മുളയുത്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കി. കോളനിയില്‍ ഇപ്പോള്‍ ആഹ്ലാദം. കോളനിയില്‍നിന്നുള്ള വിദ്യാര്‍ഥികളും സ്‌കൂളിലുണ്ട്. സ്‌കൂളില്‍നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പടുവമ്പാടന്‍ ഹംസക്കുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക ടി.ടി. രമാദേവി അധ്യക്ഷതവഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് സി. സക്കീര്‍, സ്റ്റാഫ് സെക്രട്ടറി പി.പി. അബ്ദുല്‍വഹാബ്, സീനിയര്‍ അസിസ്റ്റന്റ് കെ.കെ. അബൂബക്കര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. റസാഖ് എന്നിവര്‍ പ്രസംഗിച്ചു.