ചിറ്റൂര്‍:സ്‌കൂളുകള്‍ക്ക് അവധി എന്ന അറിയിപ്പുകണ്ട് മഴയത്ത് മൂടിപ്പുതച്ച് ഉറങ്ങാനൊന്നും ഈ മിടുക്കര്‍ക്കാവില്ല. കോരിച്ചൊരിയുന്ന മഴയത്ത് വെള്ളക്കെട്ടുനിറഞ്ഞറോഡ് നന്നാക്കി നടവഴി തീര്‍ത്താണ് കൊച്ചുമിടുക്കന്മാര്‍ മാതൃകയായത്. വിജയമാത കോണ്‍വെന്റ് എച്ച്.എസ്.എസ്സിലെ ഏഴംഗസംഘമാണ് സീഡ്പദ്ധതിയുടെ ഭാഗമായി റോഡുനന്നാക്കിയത്. കോലക്കളത്തെ ചെളിനിറഞ്ഞ പാതയ്ക്കുകുറുകെ മണ്ണും കല്ലും നിറച്ചാണ് ഇവര്‍ താത്കാലിക നടവഴി തീര്‍ത്തത്. കാവ്യ എസ്. നായര്‍, ബി.എസ്. ശ്രീദേവി, വിസ്മയ വിജയന്‍, ശ്രീജിത്ത്, ശ്രീഹരി, ശ്രീകുട്ടന്‍, അജയ്കൃഷ്ണന്‍ എന്നീ വിദ്യാര്‍ഥികളാണ് മഴ വകവെക്കാതെ പണിയെടുത്തത്. അധ്യാപകരായ കൃഷ്ണ എസ്. നായര്‍, ലിസി എന്നിവര്‍ നേതൃത്വം നല്‍കി.