കരനെല്‍ക്കൃഷിയുമായി നാലുകണ്ടം യു.പി. സ്‌കൂള്‍

Posted By : pkdadmin On 18th November 2013


അലനല്ലൂര്‍: അന്യംനിന്നുപോയ കൃഷിരീതിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് നെല്‍ക്കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനുമായി എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ.യു.പി. സ്‌കൂളില്‍ കരനെല്ലിന്റെ വിത്തിറക്കി. വിദ്യാലയത്തിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും കാര്‍ഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് വിദ്യാലയത്തിലെ 25 സെന്റ് സ്ഥലത്ത് നിലമൊരുക്കി വിത്തിറക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വിദ്യാലയത്തില്‍ കാര്‍ഷികക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറിക്കൃഷി നടക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം സമഗ്ര കൃഷിപദ്ധതിയില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയമായി കൃഷിവകുപ്പ് തിരഞ്ഞെടുത്തത് സ്‌കൂളിനെയായിരുന്നു. വിദ്യാലയത്തില്‍ അരയേക്കറിലധികം സ്ഥലത്താണ് പച്ചക്കറി വിളയിച്ചെടുത്തത്. ഇക്കഴിഞ്ഞ അവധിക്കാലത്ത് നാല് ക്വിന്റലിലധികം പച്ചക്കറിയാണ് വിളവെടുത്തത്. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് വിദ്യാര്‍ഥികള്‍ വിളയിച്ച പച്ചക്കറിയാണ് പൂര്‍ണമായും ഉള്‍പ്പെടുത്തുന്നത്. പ്രദേശത്തെ ഒരു കൃഷിക്കാരനാണ് കരനെല്ലിന്റെ വിത്ത് സൗജന്യമായി നല്‍കിയത്. ഉപദേശനിര്‍ദേശങ്ങളുമായി കര്‍ക്കിടാംകുന്ന് നെല്ലൂര്‍പ്പള്ളിസ്വദേശി നാടി എന്ന കര്‍ഷകനുമെത്തിയത് സഹായമായി. അവധിദിനങ്ങളിലും ഒഴിവ് പിരീഡുകളിലുമാണ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍തോട്ടത്തിലെ കൃഷിപ്പണികള്‍ക്കായി സമയം കണ്ടെത്തുന്നത്. നെല്‍ക്കൃഷിക്കായി നിലമൊരുക്കിയത് നാലുകണ്ടത്തിലെ വൈമാക്‌സ്‌ക്ലബ്ബിലെ യുവാക്കളുടെ ശ്രമദാന പ്രവര്‍ത്തനത്തിലൂടെയാണ്.അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഠത്തൊടി റഹ്മത്ത് തോട്ടത്തില്‍ വിത്തുവിതച്ച് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. ഹംസക്കുട്ടി അധ്യക്ഷനായി. പച്ചക്കറിത്തോട്ടത്തിന്റെ ആല്‍ബം പ്രകാശനം ഗ്രാമപ്പഞ്ചായയത്ത് വൈസ്പ്രസിഡന്റ് പുത്തംകോട്ട് ഉമ്മര്‍ നിര്‍വഹിച്ചു. കാര്‍ഷികക്ലബ്ബ് ഉദ്ഘാടനം അലനല്ലൂര്‍ കൃഷി ഓഫീസര്‍ പളനി നിര്‍വഹിച്ചു. സ്‌കൂള്‍ പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം സ്‌കൂള്‍മാനേജര്‍ വി.ടി. ഹംസയും കാര്‍ഷികപതിപ്പ് പ്രകാശനം പി. അബൂബക്കറും നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.ടി. രമാദേവി, കെ.കെ. അബൂബക്കര്‍, സി. സക്കീര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. റസാഖ് എന്നിവര്‍ പ്രസംഗിച്ചു.