ജൈവമണ്ഡലത്തിന്റെ അവകാശികളെക്കുറിച്ച് കാട്ടുകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച ലൈവ് മോഡല്‍ പ്രദര്‍ശനം

Posted By : pkdadmin On 18th November 2013


അമ്പലപ്പാറ: ജീവന്റെ വൈവിധ്യവും ജീവിക്കാനുള്ള അവകാശവും വിശദീകരിക്കുന്ന പ്രദര്‍ശനവുമായി കാട്ടുകുളം എ.കെ.എന്‍.എം.എം.എ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍. ജൈവമണ്ഡലത്തിന്റെ അവകാശികള്‍ മനുഷ്യന്‍ മാത്രമല്ലെന്നും ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ തുല്യ അവകാശമാണുള്ളതെന്നും പ്രഖ്യാപിച്ചാണ് ഹരിത സീഡ് ക്ലബ്ബ് ലൈവ് മോഡല്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. സൂക്ഷ്മജീവികള്‍മുതല്‍ നീലത്തിമിംഗിലംവരെയുള്ളവയെപ്പറ്റിയും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ബോധവത്കരണവും നടത്തി. നാല്‍കാലികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗക്ഷേമവകുപ്പിന് കത്തയയ്ക്കാനും സീഡ് ക്ലബ്ബ് തീരുമാനിച്ചു. ലോക ജന്തുക്ഷേമ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്ക് പ്രധാനാധ്യാപിക എം. കാര്‍ത്യായനി, സീഡ് കോഓര്‍ഡിനേറ്റര്‍ കെ. പ്രമോദ്, കെ.എം. ആശ, വി.കെ. മാനസ്‌മേനോന്‍, പി.ബി. സുനില്‍, മുഹമ്മദ്ജാസിര്‍, റമീസ്, മിഥുന്‍, സംഗീത്, ടി.ബി. റോസിന എന്നിവര്‍ നേതൃത്വം നല്‍കി.