ശ്രീകൃഷ്ണപുരം: ഭാരതപ്പുഴ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് വിദ്യാര്‍ഥികളുടെ കത്ത്. കാട്ടുകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെയും ദേശീയ ഹരിതസേനയുടെയും ആഭിമുഖ്യത്തിലാണ് ഭാരതപ്പുഴയുടെ സംരക്ഷണത്തിന് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അനധികൃതമായ മണല്‍വാരല്‍, കളിമണ്‍ ഖനനം, രാസകീടനാശിനികള്‍, കോഴിമാലിന്യം എന്നിവ നദീജലത്തെ മലിനമാക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഇരുകരയിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കുക, ജലമലിനീകരണത്തെക്കുറിച്ച് പഠനം നടത്തുക, മണല്‍വാരല്‍ ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കാന്‍ പഠനം നടത്തുക, ജലാശയസംരക്ഷണ ബോര്‍ഡുകള്‍ സ്ഥാപിക്കുക, ബോധവത്കരണ ക്ലാസുകള്‍ നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം സീഡ് ക്ലബ്ബ് അംഗങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രധാനാധ്യാപിക എം. കാര്‍ത്ത്യായനി, സീഡ് കോഓര്‍ഡിനേറ്റര്‍ കെ. പ്രമോദ്, പി.ബി. സുനില്‍, വി.കെ. മാനസ് മേനോന്‍, കെ.എം. ആശ, സീഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ സുധീഷ്, സഞ്ജയ് സുജിത്, റമീസ്, മിഥുന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.