ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളില്‍ സീഡ് ക്‌ളബ്ബ് സംഘടിപ്പിച്ച രുചിക്കൂട്ട് ഭക്ഷ്യമേള

Posted By : pkdadmin On 18th November 2013


ഒറ്റപ്പാലം: നാടന്‍വിഭവങ്ങളുമായി വിദ്യാര്‍ഥികളൊരുക്കിയ 'രുചിക്കൂട്ടി'ന് സ്വാദേറെയായിരുന്നു. തകരപ്പുഴുക്കും താളുകറിയും ചക്കവരട്ടിയതുമെല്ലാം ഈ ഭക്ഷ്യമേളയെ വ്യത്യസ്തമാക്കി. കൃത്രിമ രുചികളുടെ വര്‍ണപ്പകിട്ടിനിടിയില്‍ മറവിയിലേക്ക് പോകുന്ന നാട്ടുരുചികളെ പരിചയപ്പെടുത്താനും ആരോഗ്യസംരക്ഷണത്തിന്റെ പാഠങ്ങള്‍ പകരാനുമാണ് ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂള്‍ സീഡ് ക്‌ളബ്ബ് വേറിട്ട പരിപാടി നടത്തിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും നാട്ടുകാരും ചേര്‍ന്നതോടെ നൂറിലധികം വിഭവങ്ങള്‍ നിരന്നു. കൃത്രിമ രാസപദാര്‍ഥങ്ങളും നിറങ്ങളും ഒഴിവാക്കിയായിരുന്നു പാചകം. ബോധവത്കരണ ക്‌ളാസുമുണ്ടായി. സീഡ് കോഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, കെ. ശ്രീകുമാരി, ബി.പി. ഗീത, കെ. മഞ്ജു, ടി. പ്രകാശ്, കെ. സുലേഖ, കെ. സുനീഷ്‌കുമാര്‍, ഡി. ഗോപീകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.