അബൂബക്കര്‍ സിദ്ദിഖിന് സ്‌കൂളില്‍ പോകണം; സങ്കടമൊഴിഞ്ഞ മനസ്സോടെ

Posted By : pkdadmin On 18th November 2013


ഒറ്റപ്പാലം: ഉമ്മയുടെ സ്‌നേഹവാത്സല്യത്തിലും ഉപ്പയുടെ സംരക്ഷണത്തിലും വളരേണ്ട അബൂബക്കര്‍സിദ്ദിഖ് ഇന്നവരുടെ താങ്ങാണ്. ഷുഗര്‍ വന്ന് കാലിന്റെ പകുതിയോളം പഴുപ്പ് ബാധിച്ച് കിടപ്പിലായ പനമണ്ണ അമ്പലവട്ടം കല്ലംപുള്ളി അബ്ദുള്‍ലത്തീഫിന് കട്ടിലില്‍നിന്നെഴുന്നേല്‍ക്കാന്‍ പോലും മകന്‍ പത്തുവയസ്സുകാരനായ അബൂബക്കര്‍ സിദ്ദിഖിന്റെ സഹായം വേണം. മാനസികനില തെറ്റുന്ന ഉമ്മ സുഹറയ്ക്ക് (32) സമയത്ത് മരുന്നുനല്‍കാനും ഈ അഞ്ചാംക്ലാസുകാരന്‍ വേണം. ഏഴുവയസ്സുള്ള അനിയന്‍ മുഹമ്മദ് റാഫിഹിനെ നോക്കേണ്ട ഉത്തരവാദിത്തവും അബൂബക്കര്‍ സിദ്ദിഖിനാണ്.മറ്റെല്ലാകുട്ടികളും സ്‌കൂളിലേക്ക് പോകുമ്പോഴും ഉപ്പയുമായി നാല് മാസത്തോളം ആസ്പത്രിയിലായിരുന്നു അബൂബക്കര്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്ന് വാങ്ങാനും ഭക്ഷണം എത്തിക്കാനുമെല്ലാം ഈ കുഞ്ഞ് തളരാതെ ഓടിനടന്നു. ഇതിനിടെ, അബൂബക്കര്‍സിദ്ദിഖ് പഠിക്കുന്ന പനമണ്ണ യു.പി. സ്‌കൂളിലെ അധ്യാപകര്‍ മാസങ്ങളായി സ്‌കൂളിലെത്താത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ദുരിതകഥ പുറംലോകം അറിഞ്ഞത്. ഹോട്ടല്‍ തൊഴിലാളിയായിരുന്ന ലത്തീഫിന് കഴിഞ്ഞ ജൂണിലാണ് കാലില്‍ നീരുവന്ന് നടക്കാനാവാത്തവിധം വേദന തുടങ്ങിയത്. പരിശോധനയില്‍ വലതുകാലിന്റെ മുട്ടുവരെ പഴുപ്പ് കയറിയിട്ടുള്ളതായി കണ്ടെത്തി. പഴുപ്പ് എടുത്തുമാറ്റിയെങ്കിലും ഉണങ്ങാത്ത മുറിവുമായി കിടപ്പായി. ഇതോടെ കുടുംബത്തിന്റെ ഏകവരുമാനവും മുട്ടി. രണ്ടുവര്‍ഷംമുമ്പ് മൂന്നാമതുണ്ടായ കുട്ടി ഉടന്‍ മരിച്ചതിനെത്തുടര്‍ന്ന് മാനസികനില തെറ്റിയ സുഹറയ്ക്ക് ലത്തീഫിന്റെ അവസ്ഥകൂടി കണ്ടതോടെ ഇടയ്ക്കിടെ അസുഖം കൂടും. മാസങ്ങളോളം സ്‌കൂളിലെത്താതിരുന്ന അബൂബക്കര്‍ സിദ്ദിഖിന്റെ അവസ്ഥ അധ്യാപകരായ സുഹറയും കദീജയും ശ്രീഹരിയും സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആസ്പത്രിയിലെത്തിയാണ് മനസ്സിലാക്കിയത്. വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് ചികിത്സാചെലവിനും മറ്റും സീഡ് ക്ലബ്ബ് അംഗങ്ങള്‍ സമാഹരിച്ച 13,000 രൂപ നല്‍കി. സീഡ്ക്ലബ്ബ് അംഗങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് ഇപ്പോള്‍ നാട്ടുകാരുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. അധ്യാപകരും കൂട്ടുകാരും ആവശ്യപ്പെട്ടതനുസരിച്ച് അബൂബക്കര്‍ സിദ്ദിഖ് സ്‌കൂളില്‍ പോകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഉപ്പയെയും ഉമ്മയെയും ചികിത്സിച്ച് ഭേദമാക്കണമെന്ന ചിന്ത മാത്രമാണ് മനസ്സില്‍. ചികിത്സാസഹായത്തിനായി പഞ്ചായത്തംഗം മോഹന്‍ദാസ് രക്ഷാധികാരിയായും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. പ്രതീഷ് കണ്‍വീനറായും എം.ടി. സൈനുല്‍ ആബിദീന്‍ ചെയര്‍മാനായും എസ്.ബി.ടി. അനങ്ങനടിശാഖയില്‍ ചികിത്സാസഹായനിധി ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67247189985.