പയ്യന്നൂര്‍: കാളന്‍, എരിശ്ശേരി, മസാലക്കറി, അച്ചാര്‍, ചേന പൊരിച്ചത്, ചേന മെഴുക്കുപുരട്ടി, ചേനയിലത്തോരന്‍, ചേന പച്ചടി, ചേനപ്രഥമന്‍....
ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത് ചേന കൊണ്ടുണ്ടാക്കിയ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍. കുട്ടികള്‍ തടമെടുത്ത്, നട്ട്, വളമിട്ട് നനച്ചുവളര്‍ത്തിയ ചേനക്കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസമാണ് നടന്നത്. കുട്ടികള്‍ വിളയിച്ച ചേനകൊണ്ടാണ് വിഭവങ്ങള്‍ തയ്യാറാക്കിയതത്. കുട്ടികള്‍ക്ക് ചേനവിഭവങ്ങള്‍ തയ്യാറാക്കിക്കൊടുക്കാനും ക്ലാസെടുക്കാനും പാചകവിദഗ്ദന്‍ അന്നൂരിലെ കെ.സി.മാധവ പൊതുവാളും എത്തിയിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം സി.കൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഏറ്റുകുടുക്ക എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് പി.ശശിധരന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടമ്പത്ത് നാരായണന്‍, വാര്‍ഡംഗം വി.വി.മല്ലിക, പി.വി.ബാലന്‍, കെ.സുകുമാരന്‍, സ്‌കൂള്‍ മാനേജര്‍ ടി.തമ്പാന്‍, പി.ടി.എ. പ്രസിഡന്റ് എം.കണ്ണന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് യമുന വിജയന്‍, തോമസ് ടി.ജെ. എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക സി.ശ്രീലത സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.