ആഘോഷനിറവില്‍ കരീപ്രയില്‍ കൊയ്ത്തുത്സവം

Posted By : klmadmin On 17th November 2013


 എഴുകോണ്‍: പഠനത്തിന്റെ ഇടവേളകളില്‍ കര്‍ഷകക്കുപ്പായമണിഞ്ഞ ചൊവ്വള്ളൂരിലെ കുട്ടിക്കര്‍ഷകര്‍ക്ക് പൊന്‍കതിര്‍മണികളായി മണ്ണിന്റെ വരദാനം. കരീപ്രയിലെ കരപ്പുരയിടത്തില്‍ വിളഞ്ഞ കനകമണികള്‍ പകര്‍ന്നുനല്‍കിയ കാര്‍ഷിക സംസ്‌കൃതിയുടെ ഊറ്റത്തില്‍ വിളവെടുപ്പും കുട്ടികള്‍ ഉത്സാഹമാക്കി മാറ്റി.
ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ് കരനെല്‍ക്കൃഷി നടത്തി മാതൃകയായത്.
എണ്‍പത് സെന്റ് പുരയിടം കൃഷിക്കായി ഒരുക്കിയതും വിത്തെറിഞ്ഞതും കളപറിച്ചതും വിദ്യാര്‍ഥികള്‍തന്നെയായിരുന്നു. കരീപ്ര കൃഷിഭവന്‍ സാങ്കേതികസഹായങ്ങളും വിത്തും നല്‍കി.
ഔഷധഗുണമുള്ള ഞവരവിത്താണ് കൃഷി ചെയ്തത്. കടുത്ത ചൂട് കതിരോലകളില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും വേനല്‍മഴ എത്തിയത് ആശ്വാസമായി.
കളകീടങ്ങളെ നശിപ്പിക്കുന്നതിന് കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതും നല്ല വിളവിന് വഴിവച്ചു.
നാടന്‍പാട്ടുകളുടെ ശീലുകള്‍ പകര്‍ന്നുനല്‍കിയ കൊയ്ത്തുതാളത്തില്‍ വിദ്യാര്‍ഥികള്‍തന്നെ വിളവെടുപ്പും പൂര്‍ത്തിയാക്കിയത് സീഡ് ക്ലബിനും അഭിമാനമുഹൂര്‍ത്തമായി.
കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ലീലാമണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം ജി.ജോര്‍ജ്ജ്കുട്ടി, കൃഷി ഓഫീസര്‍ രാജന്‍ബാബു, അസിസ്റ്റന്റുമാരായ ബാലകൃഷ്ണന്‍, പരമേശ്വരന്‍, അധ്യാപകരായ സുനി പാപ്പച്ചന്‍, ഷാലു ജോണ്‍, ബിനു ജോണ്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.