സസ്യനിരീക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് സീസണ്‍ വാച്ച്

Posted By : klmadmin On 17th November 2013


 കൊട്ടാരക്കര: വിദ്യാര്‍ഥികളില്‍ സസ്യനിരീക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് മാതൃഭൂമി സീഡിന്റെ പരിശീലനം. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ ചൊവ്വള്ളൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്., വാക്കനാട് ഗവ. എച്ച്.എസ്., മൈലം ഡി.വി.വി.എച്ച്.എസ്.എസ്., കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെപ്ര എസ്.എ.ബി. യു.പി.എസ്., കൊട്ടാരക്കര നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പരിശീലനക്ലാസുകള്‍. സീസണ്‍ വാച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.നിസാര്‍ ക്ലാസെടുത്തു. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് വൃക്ഷലതാതികളില്‍ ഉണ്ടാകുന്ന മാറ്റം നിരീക്ഷിച്ച് രേഖപ്പെടുത്തുകയാണ് സീസണ്‍ വാച്ചിന്റെ ലക്ഷ്യം. ഇലകളെയും പൂക്കളെയും ചെടികളെയും കൂടുതല്‍ അറിയാനും അവയുടെ വളര്‍ച്ചയുടെ ഘട്ടം മനസ്സിലാക്കാനും ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നു. പരിശീലനം നടന്ന സ്‌കൂളുകളിലെ കുട്ടികള്‍ ആവേശത്തോടെയാണ് പദ്ധതിയെ വരവേറ്റത്.
ബംഗളൂരു ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിന്റെ (എന്‍.സി.ബി.എസ്.) സഹകരണത്തോടെയാണ് മാതൃഭൂമി സീഡ് സീസണ്‍ വാച്ച് നടപ്പാക്കുന്നത്. സീഡ് റവന്യൂ ജില്ലാ എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക്, കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സന്ദീപ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.