പുനലൂര്‍: തെങ്ങ് കയറി 'ഉയരങ്ങള്‍ കീഴടക്കുകയാണ്' പുനലൂര്‍ ചെമ്മന്തൂര്‍ ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍. കുട്ടികളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പുറമെ അവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം ലഭിക്കുന്നതിനുകൂടി സ്‌കൂള്‍ അധികൃതര്‍ തരപ്പെടുത്തിയതാണ് ഈ തെങ്ങുകയറ്റം. കൃഷിവകുപ്പിന് കീഴിലുള്ള, ഇളമ്പലിലെ ആഗ്രോ ഫ്രൂട്ട്‌സ് പ്രോഡക്ട്‌സ് വളപ്പിലെ തെങ്ങുകളില്‍ യന്ത്രം ഉപയോഗിച്ച് ഊര്‍ജ്ജസ്വലരായി കയറുമ്പോള്‍ സീഡിന് തൊഴില്‍പരിചയം എന്ന വ്യാഖ്യാനംകൂടി ചമച്ചൂ സ്‌കൂളിലെ കൊച്ചുമിടുക്കന്മാര്‍.
വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനുവേണ്ടി മാതൃഭൂമി ആവിഷ്‌കരിച്ച് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റ് (സീഡ്) പദ്ധതിയുടെ ഭാഗമായാണ് ചെമ്മന്തൂര്‍ ഹൈസ്‌കൂള്‍ അധികൃതര്‍ തെങ്ങുകയറ്റ പരിശീലനത്തിന് സൗകര്യമൊരുക്കിയത്. സീഡ് ആരംഭിച്ച കാലംമുതല്‍ പദ്ധതിയില്‍ പങ്കാളിയായ സ്‌കൂളാണിത്.
പ്രഥമാധ്യാപിക ഡോ. എസ്.ഐഷാബീവിയുടെയും സീഡ് കോ ഓര്‍ഡിനേറ്ററായ എസ്.അശ്വതിയുടെയും മേല്‍നോട്ടത്തില്‍ ഒമ്പത്, പത്ത് ക്ലാസ്സുകളില്‍നിന്ന് തിരഞ്ഞെടുത്ത സീഡ് ക്ലബ്ബ് അംഗങ്ങളായ പത്ത് ആണ്‍കുട്ടികളാണ് തെങ്ങുകയറിയത്. ഇളമ്പലിലെ ആഗ്രോഫ്രൂട്ട്‌സ് പ്രോഡക്ട്‌സുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഫാക്ടറി മാനേജര്‍ സുരേഷ് മാമ്മന്‍ തോമസിന്റെ നേതൃത്വത്തില്‍ ജീവനക്കാരായ സതീശന്‍, അനില്‍ എന്നിവര്‍ യന്ത്രമുപയോഗിച്ച് തെങ്ങുകളില്‍ അനായാസം കയറാന്‍ കുട്ടികളെ പഠിപ്പിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ക്കൊപ്പം അധ്യാപികമാരായ കെ.പി.ലത, ജി.ശ്രീദേവി എന്നിവരും പിന്തുണയുമായി കുട്ടികള്‍ക്കൊപ്പം നിന്നു. മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ കുട്ടികള്‍ തെങ്ങുകയറ്റത്തില്‍ പ്രാവീണ്യം നേടുകയും ചെയ്തു.
പോയ കൊല്ലം മാതൃഭൂമി സംസ്ഥാന നാളികേര വികസന ബോര്‍ഡുമായി ചേര്‍ന്ന് നടപ്പിലാക്കിയ എന്റെ തെങ്ങ് പദ്ധതിയാണ് ഇത്തരമൊരു ആശയത്തിന് വഴിയൊരുക്കിയതെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്. അശ്വതി പറഞ്ഞു.
ആഗ്രോ ഫ്രൂട്ട്‌സ് മാനേജരുടെ മികച്ച പ്രോത്സാഹനമാണ് തെങ്ങുകയറ്റ പരിശീലനം വന്‍വിജയമാകാന്‍ കാരണമെന്നും നാളികേര വികസന ബോര്‍ഡിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സഹകരണത്തോടുകൂടി കുട്ടികള്‍ക്ക് തെങ്ങിന്‍തൈ നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.