തൃശ്ശൂര്‍: കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നത് കാലത്തേയും പ്രകൃതിയേയും സംരക്ഷിക്കലാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എ. വത്സല പറഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മനുഷ്യന്റെ വികലമായ ഇടപെടല്‍ പരിസ്ഥിതിയെ ദോഷമായി ബാധിച്ചിരിക്കുന്നു. ഇതിന് തടയിടാന്‍ വളരുന്ന തലമുറയെ ബോധവത്കരിക്കുന്നതിലൂടെ കഴിയും. ഇതിനുള്ള മാര്‍ഗനിര്‍ദേശം കൂടിയാണ് സീഡ് പദ്ധതിയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
സോഷ്യല്‍ഫോറസ്ട്രി എ.സി.എഫ്. പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതില്‍ സീഡ് പദ്ധതി വലിയ സഹായമാണെന്നും കുട്ടികളില്‍ പ്രകൃതിസ്‌നേഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് എജിഎം പി.കെ. ആന്‍േറാ ആശംസയര്‍പ്പിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍ സ്വാഗതവും സീഡ് ജില്ലാ എസ്.പി.ഒ.സി.എ.ആര്‍. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. കെ.എഫ്.ഡി.സി. റിട്ട. ഡിവിഷണല്‍ മാനേജര്‍ സി.എ. അബ്ദുള്‍ ബഷീര്‍, സീസണ്‍ വാച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. നിസാര്‍, സീഡ് റിസോഴ്‌സ് പേഴ്‌സണ്‍ ജി വേണുഗോപാല്‍, മികച്ച സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പി. ശ്രീദേവി എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാനൂറോളം അധ്യാപകര്‍ പങ്കെടുത്തു.