അരൂര്‍: പൊക്കാളിക്കൃഷിയെന്നാലെന്ത്? പൊക്കാളിയെന്നു പേരുകിട്ടാന്‍ കാരണമെന്ത്? മറ്റു നെല്‍ക്കൃഷിക്കില്ലാത്ത എന്തു മേന്മയാണ് പൊക്കാളിക്കുള്ളത്? ഇതിനേക്കാള്‍ ലാഭകരമല്ലേ ചെമ്മീന്‍ കൃഷി?
എഴുപുന്ന പുത്തന്‍കരി പാടശേഖരത്തിലെത്തിയ പാണാവള്ളി, തൃച്ചാറ്റുകുളം എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ്ക്ലബ്ബ് പ്രവര്‍ത്തകരാണ് പൊക്കാളി നെല്‍ക്കര്‍ഷകരോടും പൊക്കാളി സംരക്ഷണ സമിതി പ്രവര്‍ത്തകരോടും ഇങ്ങനെ തുരുതുരാ ചോദ്യങ്ങളുതിര്‍ത്തത്.
ഒരുകാലത്ത് വ്യാപകമായി ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങളില്‍ നടത്തിയിരുന്ന പൊക്കാളി നെല്‍ക്കൃഷി ഇന്ന് ഏതാനും ചില പാടശേഖരങ്ങളില്‍ മാത്രമാണുള്ളത്. അതിജീവിക്കാന്‍ പാടുപെടുന്ന ഈ പ്രാചീന കൃഷിയെക്കുറിച്ചറിയാനാണ് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗായത്രീദേവിയോടും ഗീത, മിനി കെ. നായര്‍ എന്നീ അധ്യാപകരോടുമൊപ്പം ഹൈസ്കൂള്‍ വിഭാഗത്തിലെ 22 കുട്ടികളെത്തിയത്.
"പൊക്കാളി' എന്നാല്‍ പൊക്കത്തില്‍ ആളുന്നത് (ഉയരത്തില്‍ വളരുന്നത്) എന്ന വിശദീകരണം കേട്ടപ്പോള്‍ത്തന്നെ ഈ നെല്‍ക്കൃഷിയുടെ കൗതുകങ്ങളറിയാന്‍ കുട്ടികള്‍ക്ക് താത്പര്യമേറി. തീരദേശത്തെ ഉപ്പിനെ പ്രതിരോധിച്ച്, പ്രദേശത്തെ ഉര്‍വ്വരമായി സംരക്ഷിച്ച്, രുചികരമായ അരി തരുന്ന പൊക്കാളി നെല്‍ക്കൃഷി മനുഷ്യന്റെ അതിരുകവിഞ്ഞ അത്യാര്‍ത്തിമൂലം നശിക്കുകയാണെന്നറിഞ്ഞപ്പോള്‍ കുട്ടികള്‍ക്കും സങ്കടമായി.
എഴുപുന്നയില്‍ മത്സ്യക്കൃഷി നടത്തുന്ന സംഘങ്ങളോട് നിരന്തരം മല്ലടിച്ച് 25 വര്‍ഷത്തിനുശേഷമാണ് പൊക്കാളി നെല്ല് വിളയിച്ചതെന്നറിഞ്ഞപ്പോള്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ പൊക്കാളി സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കലിനെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.
പൊക്കാളിക്കൃഷിനിലത്തിന് അരികില്‍ സമിതി സംഘടിപ്പിച്ചിരുന്ന ഫോട്ടോ - പോസ്റ്റര്‍ പ്രദര്‍ശനവും കുട്ടികള്‍ വീക്ഷിച്ചു. സീഡ് ക്ലബ്ബ് റിപ്പോര്‍ട്ടര്‍ പാര്‍വ്വതി ബി., വൈഷ്ണവി, ദേവി ഭവാനി എന്നിവര്‍ മുന്‍കൂട്ടി തയ്യാറാക്കിയെത്തിയ ചോദ്യാവലിയുമായാണ് പൊക്കാളിപ്പാടത്ത് എത്തിയത്.
കുട്ടികളുടെ എല്ലാ സംശയങ്ങളും അകറ്റുന്ന തരത്തില്‍ ലളിതമായി എല്ലാ ചോദ്യങ്ങള്‍ക്കും ഫ്രാന്‍സിസ് കളത്തുങ്കല്‍ ഉത്തരം നല്‍കി. പ്രദര്‍ശന നഗരിയിലെ പ്രാചീനങ്ങളായ കാര്‍ഷിക ഉപകരണങ്ങളെക്കുറിച്ചും കുട്ടികള്‍ പലതും ചോദിച്ചറിഞ്ഞു.
പരിസ്ഥിതി സൗഹാര്‍ദപരമായ തനതു കൃഷിരീതികള്‍ ഉണ്ടെന്നിരിക്കെ, ഭൂമിയെ കൊല്ലുന്ന കൃത്രിമ കൃഷികള്‍ക്ക് പിന്നാലെ നടന്ന് മനുഷ്യകുലം നശിക്കാന്‍ അനുവദിച്ചുകൂടാ എന്ന പ്രതിജ്ഞയോടെയാണ് കുട്ടികള്‍ പൊക്കാളിപ്പാടത്തുനിന്ന് പിരിഞ്ഞത്. മൂന്നുമണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനുശേഷം പൊക്കാളി സംരക്ഷണ സമിതിക്ക് അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധിയായ അമിത പി.ജി.യും നന്ദി രേഖപ്പെടുത്തി.