കലഞ്ഞൂര്‍:പത്തനംതിട്ട കലഞ്ഞൂരിലെ പാറമടവിരുദ്ധസമരത്തിന് ഐക്യദാര്‍ഢ്യവുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി തളിര് സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍. കേരളത്തിലെ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളിലൂടെ സീഡ് ക്ലബ്ബ് നടത്തുന്ന പഠനയാത്രയുടെ ഭാഗമായാണ് കലഞ്ഞൂരിലെത്തിയത്. ശാസ്താംകോട്ട ശുദ്ധജലതടാകവും പയ്യന്നല്ലൂര്‍ പാറമടയും സീഡ് ക്ലബ്ബ് അംഗങ്ങള്‍ നേരത്തെ സന്ദര്‍ശിച്ചിരുന്നു.കലഞ്ഞൂരില്‍ വിവേചനരഹിതമായ പാറഖനനം സീഡ് ക്ലബ്ബ് അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. അനിയന്ത്രിതമായ ഖനനംകൊണ്ടും ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനംകൊണ്ടും കലഞ്ഞൂര്‍, കൂടല്‍ മേഖലകളിലെ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതായും വായുമലിനീകരണം, ശബ്ദമലിനീകരണം, ജലക്ഷാമം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായും സമരസമിതി കണ്‍വീനര്‍ എം.ജി.സന്തോഷ്കുമാര്‍ സീഡ് സംഘത്തോട് പറഞ്ഞു.സമീപവീടുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു.കലഞ്ഞൂര്‍ ഗ്രാമത്തിലെ പോത്തുപാറമല, കള്ളിപ്പാറമല, ഇഞ്ചപ്പാറമല, രാക്ഷസന്‍പാറ, പടപ്പാറമല എന്നിവ പാറഖനനംമൂലം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.പി.ശ്രീകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എല്‍.സുഗതന്‍, അധ്യാപകരായ റാഫി രാമനാഥ്, എസ്.ജയകുമാര്‍, എസ്.മാലിനി, ഡി.സരസ്വതി, ഷിബിമോള്‍ എന്നിവര്‍ പഠനസംഘത്തിന് നേതൃത്വം നല്‍കി. കലഞ്ഞൂരിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കെ.പി.ശ്രീകുമാര്‍ സീഡ് അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി. തളിര് സീഡ് ക്ലബ്ബ് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.