കാന്തിപ്പാറ സ്‌കൂളില്‍ 'സഹജീവികള്‍ക്കൊരു സാന്ത്വനം' പദ്ധതി തുടങ്ങി

Posted By : idkadmin On 9th November 2013


രാജാക്കാട്:കുട്ടികളില്‍ സാമൂഹ്യപ്രതിബദ്ധതയും കാരുണ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സീഡ്ക്ലബിന്റെ നേതൃത്വത്തില്‍ 'സഹജീവികള്‍ക്കൊരു സാന്ത്വനം' പദ്ധതി തുടങ്ങി. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കായി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം അന്ധഗായകരുടെ ഗാനമേളയോടെയാണ് തുടങ്ങിയത്. ഭവനസന്ദര്‍ശനം, അനാഥാലയ സന്ദര്‍ശനം, സൗജന്യ യൂണിഫോം വിതരണം, എന്നീ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സ്‌കൂളിലെ അധ്യാപകനായ ജോര്‍ജ്ജ്‌തോമസിന്റെ, 'അതിജീവനത്തിന്റെ ആരോഗ്യശാസ്ത്രം' എന്ന പുസ്തകം സ്‌കൂള്‍ മാനേജര്‍ ഫാ.കുര്യന്‍ കുര്യാസ് പ്രകാശനം ചെയ്തു. 'മലയാളഭാഷയുടെ വികാസപരിണാമങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാറും നടന്നു. ഭാഷാപ്രതിജ്ഞ, കാവ്യാലാപനം എന്നിവയും ഉണ്ടായിരുന്നു. ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ്, പി.ടി.എ. പ്രസിഡന്റ് സജി ചേന്നാട്ട്, സ്റ്റാഫ് സെക്രട്ടറി എം.ജെ.കുര്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.