ഫാത്തിമത്ത് സാലിസ
മൊഗ്രാല്‍-പുത്തൂര്‍: വിദ്യാര്‍ഥികള്‍ ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാന്‍ നെല്ലിക്ക സമ്മാനം. മൊഗ്രാല്‍-പുത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് പ്രവര്‍ത്തകരാണ് ഓരോതരി വറ്റിന്റെയും വില മനസ്സിലാക്കി പുതിയ പദ്ധതി തുടങ്ങിയിരിക്കുന്നത്.
ഉച്ചഭക്ഷണം കഴിഞ്ഞ ഉടന്‍ വിദ്യാര്‍ഥികള്‍ പാത്രം സീഡ് പോലീസ് അംഗങ്ങളെ കാണിക്കണം. പാത്രം തിളങ്ങിയാല്‍ സമ്മാനം നെല്ലിക്ക. പദ്ധതി തുടങ്ങിയതോടെ സ്‌കൂളിലെ ഭക്ഷണപ്പാത്രങ്ങള്‍ കണ്ണാടിപോലെ മിനുക്കാന്‍ വിദ്യാര്‍ഥികള്‍ മത്സരിക്കുകയാണ്. ഭക്ഷണം പാഴാക്കാതിരിക്കാന്‍ ബോധവത്കരണക്ലാസും എടുത്തു. സീഡ് കോഓര്‍ഡിനേറ്റര്‍ പി.വേണുഗോപാലന്‍ നേതൃത്വം നല്‍കി. ഒരുനേരത്തെ ഭക്ഷണംപോലും കിട്ടാതെ വിശന്നുവലയുന്ന ആയിരക്കണക്കിന് കുട്ടികളുടെ അവസ്ഥ അദ്ദേഹം കുട്ടികള്‍ക്കുമുന്നില്‍ വിവരിച്ചു.