സി.എച്ച്.അനിലേഷ്
കാസര്‍കോട്: നഗരഹൃദയത്തില്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പഠനം തുടരുന്നത് മരണഭീതിയില്‍. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഏതുനിമിഷവും ഇടിയാവുന്ന കുന്നിന്‍മുകളിലെ ക്ലാസ് മുറികളില്‍ പഠിക്കുന്നത്.
സ്‌കൂള്‍ നില്‍ക്കുന്ന കുന്നിന്റെ പടിഞ്ഞാറുവശത്ത് കെട്ടിടം കെട്ടുന്നതിന് മണ്ണെടുത്തതോടെയാണ് ക്ലാസ് മുറികള്‍ ഭീഷണിയിലായത്. മൂത്രപ്പുരയുടെ ചുമരുകള്‍ തകര്‍ന്നിട്ടുണ്ട്. അടുത്തിടെ നടന്ന മണ്ണെടുപ്പ് വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് തടഞ്ഞിരുന്നു.
പരിസ്ഥിതി ക്ലബ്ബിലെയും സീഡ് ക്ലബ്ബിലെയും പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു സമരം.
കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ സ്ഥലത്തെത്തി മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.
മണ്ണെടുത്ത ഭാഗത്ത് മതില്‍ നിര്‍മിക്കാമെന്ന് സ്ഥലമുടമ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അത് എത്ര ഗുണംചെയ്യുമെന്ന് കണ്ടറിയേണ്ടതുണ്ട്.