പ്രകൃതിക്കുവേണ്ടി തുറന്നുവെച്ച പേനയും കടലാസുമായി അവര്‍ ഇറങ്ങിക്കഴിഞ്ഞു-മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍മാര്‍. കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുത്ത 17 പേരാണ് പരിശീലനംനേടി തുറന്ന കണ്ണും മനസ്സുമായി വാര്‍ത്തകള്‍ കണ്ടെത്തി ലോകത്തെ അറിയിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. സ്‌കൂളിലേക്കുള്ള വഴികളില്‍ അവര്‍ വാര്‍ത്തകള്‍ കണ്ടെത്തി എഴുതും. സ്‌കൂളിലെയും നാട്ടിലെയും വിശേഷങ്ങള്‍ ഇനി കുഞ്ഞിക്കൈകളിലൂടെ വാര്‍ത്തകളായി പിറക്കും.
വിവിധ വിദ്യാലയങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത സീഡ് പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം കാസര്‍കോട് മാതൃഭൂമി ഓഫീസില്‍ നടന്ന പരിശീലനപരിപാടിയില്‍ പങ്കെടുത്തത്. വാര്‍ത്തയെഴുത്തിന്റെ വഴി തിരിച്ചറിഞ്ഞ അവര്‍ ആദ്യം എഴുതിയതും സ്വന്തം നാടിന്റെയും പ്രകൃതിയുടെയും കണ്ണീര്‍ക്കഥകളായിരുന്നു. കുന്നിടിക്കലും മാലിന്യംതള്ളലും പുഴയെ മലിനപ്പെടുത്തി കൊല്ലുന്നതും റബ്ബറിനുവേണ്ടി കശുമാവുകള്‍ വെട്ടിമാറ്റുന്നതും വാര്‍ത്തകളായി.
കീടനാശിനി ജീവനാശിനിയായതാണ് കാസര്‍കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ ഒന്നില്‍ നിന്നെത്തിയ ആസിഫ് അബ്ബാസ് എഴുതിയത്. കാര്‍ഷികഗവേഷണകേന്ദ്രം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് വാര്‍ത്തയിലൂടെ നമ്മോട് അവന്‍ പറയുന്നു.
ഉദിനൂരില്‍ വയലുകളുടെ സ്ഥാനത്ത് വീടുകള്‍ മുളച്ചുവന്നത് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെ.അഭിജിത്ത് നമ്പൂതിരി വാര്‍ത്തയാക്കി. വയലുകള്‍ നികത്തി വീടുവെച്ചതെല്ലാം പുറത്തുനിന്ന് വന്നവരാണെന്നുള്ള നിരീക്ഷണവും അഭിജിത്ത് വാര്‍ത്തയിലൂടെ പങ്കുവെക്കുന്നുണ്ട്. നാടിന്റെ ജലസംഭരണിയായ ആലക്കോട്ടെ മയിലാട്ടിക്കുന്ന് ഇടിച്ചുകടത്തുന്നത് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തടഞ്ഞതാണ് കൂട്ടക്കനി ഗവ. യു.പി.സ്‌കൂളിലെ സി.വിസ്മയയുടെ ആദ്യവാര്‍ത്ത.
കാഞ്ഞങ്ങാടിന്റെ മാലിന്യം തള്ളല്‍ കേന്ദ്രമാണോ മാവുങ്കാലും ചെമ്മട്ടംവയലും എന്ന് ബേളൂര്‍ ഗവ. യു.പി.സ്‌കൂളിലെ അശ്വിനി അശോക് ചോദിക്കുന്നു. മാലിന്യംതള്ളുന്നത് തടയാന്‍ അധികൃതര്‍ ഒരുനടപടിയും കൈക്കൊള്ളുന്നില്ലെന്നും അശ്വിനി പരിതപിക്കുന്നു. കാറഡുക്ക ബേങ്ങത്തടുക്കയില്‍ മഴക്കാലത്ത് വ്യാപകമായി കാണാറുള്ള കുളക്കോഴികള്‍ വംശനാശഭീഷണി നേരിടുകയാണെന്ന് മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍വിദ്യാര്‍ഥിനി കെ.ദിവ്യ വാര്‍ത്തയിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. പ്രകൃതിയുടെ പള്ളം മാലിന്യം തള്ളാനുള്ള കേന്ദ്രമാക്കിയതിലുള്ള സങ്കടമാണ് ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.ഭാഗ്യശ്രീയുടെ വാര്‍ത്തയില്‍.
ചെറുവത്തൂര്‍ വലിയപൊയില്‍, നാലിലാംകണ്ടം ഭാഗങ്ങളില്‍ റബ്ബര്‍കൃഷിക്കുവേണ്ടി കശുമാവുകള്‍ പാടെ മുറിച്ചുനീക്കുന്നത് വന്‍ പ്രകൃതിനാശം ഉണ്ടാക്കുന്നതായി നാലിലാംകണ്ടം ഗവ. യു.പി.സ്‌കൂളില്‍നിന്നുള്ള കെ.പ്രണവ് വാര്‍ത്തയാക്കി. റബര്‍ ഇന്ന് വീട്ടിലേക്ക് പണം കൊണ്ടുവരുമെങ്കിലും നാളെ വരള്‍ച്ചയാണ് നമ്മെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പും അതിലുണ്ട്. തൃക്കണ്ണാട് കടപ്പുറത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കണമെന്നാണ് ബേക്കല്‍ ഫിഷറീസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.ഷാനിഫ് എഴുതിയത്. സ്‌കൂളിനുസമീപം ടവര്‍ നിര്‍മിക്കാനുള്ള നീക്കം വിദ്യാര്‍ഥികള്‍ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞത് നീലേശ്വരം സെന്റ് ആന്‍സ് എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥി കെ.വി.ജിതിന്‍ വാര്‍ത്തയാക്കി. ടവറിനെതിരെ മേലധികാരികള്‍ക്ക് നിവേദനം നല്‍കിയതും വാര്‍ത്തയില്‍ പറയുന്നു.
മഴക്കുഴികള്‍ നിര്‍മിച്ച് സീഡംഗങ്ങള്‍ പുത്തരിയടുക്കത്തെ കുടിവെള്ളക്ഷാമം തീര്‍ക്കാന്‍ നടത്തിയ നീക്കമാണ് നീലേശ്വരം ചിന്മയവിദ്യാലയത്തിലെ ആര്‍.മോഹിത് കൃഷ്ണ റിപ്പോര്‍ട്ട് ചെയ്തത്. മാലിന്യം പൊതിഞ്ഞ പ്ലാസ്റ്റിക് കൂട് ഉള്‍പ്പെടെ പശുക്കള്‍ ഭക്ഷിക്കുന്നതാണ് ഉപ്പള എ.ജെ.ഐ.സ്‌കൂളിലെ ആയിഷത്ത് ഷഫില നാസ്മിന്‍ വാര്‍ത്തയാക്കിയത്. രണ്ടുകുപ്പികളില്‍ കുടിവെള്ളവുമായി പോകുന്ന വിദ്യാര്‍ഥികളുടെ വേദനയാണ് പാണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബി.എം.ഹസീന വാര്‍ത്തയിലൂടെ പങ്കുവെച്ചത്.
കല്‍പ്പണകള്‍ മാലിന്യകേന്ദ്രങ്ങളാകുന്നതും നാടുനാറുന്നതും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.അരുണിമ ലോകത്തെ അറിയിക്കുന്നു.
മാലിന്യവും മണല്‍വാരലും നീലേശ്വരം പുഴയെ കൊല്ലുകയാണെന്ന് നിലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാന്ദ്ര വി.നായര്‍ മുന്നറിയിപ്പുനല്‍കുന്നു.