കൂത്തുപറമ്പ്: കോളാരി സച്ചിദാനന്ദ ബാലമന്ദിരത്തിലെ 33 കുട്ടികള്‍ ഒരുദിവസം സ്‌നേഹം ആവോളം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. പുത്തരിസദ്യയും പായസവും പിന്നെ കുറെ പച്ചക്കറികളും അവര്‍ക്ക് നല്‍കിയത് പ്രായംകൊണ്ട് ഏറെയൊന്നും അകലെയല്ലാത്ത കുറെ കൂട്ടുകാരാണ്. തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ 'മാതൃഭൂമി സീഡ്' അംഗങ്ങള്‍.
മൂന്ന് ക്വിന്റല്‍ നെല്ലാണ് സിഡംഗങ്ങളുടെ കൃഷിയില്‍നിന്ന് ഇത്തവണ നേടിയത്. പച്ചക്കറിക്കൃഷിയും മുട്ടക്കോഴിവളര്‍ത്തലുമൊക്കെ വേറെയുമുണ്ട്. നെല്‍ക്കൃഷി വിളവെടുത്തപ്പോള്‍ അത് സച്ചിദാനന്ദ ബാലമന്ദിരത്തിനു നല്‍കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ സ്‌നേഹം ലഭിക്കാത്ത കുട്ടികള്‍ക്ക് കൂട്ടുകാരുടെ ഹൃദയസമ്മാനമായി ഇതുനല്‍കി. വിളവെടുത്ത പച്ചക്കറികളും 35 മുട്ടയും ബാലമന്ദിരത്തിലെ കൂട്ടുകാര്‍ക്ക് നല്‍കി. സ്‌കൂളിലെ പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതിയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ ബാലമന്ദിരത്തിലെത്തിയത്. പിന്നെ, ഇവിടെയുള്ള കുട്ടികളെയും കൂട്ടി ജൈവവൈവിധ്യം ഏറെയുള്ള പൂങ്കോട്ട്കാവില്‍ സന്ദര്‍ശനം നടത്തി. കളിച്ചും ചിരിച്ചും സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കുറേ പാഠങ്ങള്‍ പഠിച്ചും പ്രകൃതിയെ അറിഞ്ഞും ഒരുദിനം. യാത്രയ്ക്കുശേഷം എല്ലാവരും ഒന്നിച്ച് പുത്തരിസദ്യയും പായസവും കഴിച്ച് പിരിഞ്ഞു.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.രാജന്‍, അധ്യാപകരായ എസ്.ജയദീപ്, പി.പ്രകാശന്‍, സീഡംഗങ്ങളും വിദ്യാര്‍ഥികളുമായ പി.പി.സുന്ദര്‍, നിതിന്‍രാജ്, അബിന, ജിതിന്‍രാജ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇവര്‍ കൈമാറിയ പച്ചക്കറിയും നെല്ലും ബാലമന്ദിരം സെക്രട്ടറി കെ.ബാനിഷ് ഏറ്റുവാങ്ങി.