സീഡ് കുട്ടികളുടെ കൃഷിയിടത്തില്‍ കൊയ്ത്തുത്സവം

Posted By : knradmin On 9th November 2013


 പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ ഒരുക്കിയ കരനെല്‍ക്കൃഷിയില്‍ നൂറുമേനിവിളവ്. നെല്‍ക്കൃഷിയുടെ വിളവെടുപ്പുത്സവം സ്‌കൂളില്‍ നടന്നു. അപൂര്‍വ നെല്‍വിത്തിനങ്ങളായ കറുത്ത ഞവര, കുന്തിപ്പുല്ലന്‍, ഓക്കക്കുഞ്ഞ്, പാല്‍ക്കയമ, ചുവന്ന തൊണ്ണൂറാന്‍, വെളുത്ത തൊണ്ണൂറാന്‍, കര ചെഞ്ചീര, ചോമന്‍ എന്നിവയായിരുന്നു വിതച്ചത്.

തരിശായിക്കിടന്ന പ്രദേശത്തായിരുന്നു കൃഷി. പയ്യന്നൂരിലും പരിസരങ്ങളില്‍നിന്നുമുള്ള പഴയകാല കര്‍ഷകരില്‍നിന്നുമാണ് ഈ നാടന്‍വിത്തിനങ്ങള്‍ സംഘടിപ്പിച്ചത്. അവരില്‍നിന്ന് കൃഷിക്കായുള്ള വിവരങ്ങളും ശേഖരിച്ചു.
കൊയ്ത്തുത്സവം കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തംഗം വി.വി.മല്ലിക ഉദ്ഘാടനംചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, പ്രഥമാധ്യാപിക സി.ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി. കൊയ്‌തെടുത്ത നെല്ല് അടുത്ത വര്‍ഷത്തേക്ക് വിത്തായി സൂക്ഷിച്ച് വിപുലമായ നെല്‍ക്കൃഷിയാണ് കുട്ടികളുടെ ലക്ഷ്യം. ഇത്തവണ 20 സെന്റ് സ്ഥലത്താണ് കൃഷിയൊരുക്കിയത്.