പയ്യന്നൂര്‍:ചകരിച്ചോറില്‍ കൂണ്‍കൃഷി ചെയ്ത് നേട്ടം കൈവരിച്ചിരിക്കുകയാണ് ഏറ്റുകുടുക്കയിലെ സീഡ് സയന്‍സ് ക്ലബംഗങ്ങള്‍. തൊണ്ടില്‍നിന്നും ചകിരിനാരു വേര്‍തിരിക്കുമ്പോള്‍ ഉണ്ടാകുന്ന ചകിരിച്ചോറ് പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചകിരിച്ചോറിലെ വൈവിധ്യമാര്‍ന്ന ഉപയോഗ സാധ്യതകള്‍ വിദ്യാലയത്തിലെ കുട്ടികള്‍ കണ്ടെത്തി പോഷകങ്ങളുടെ കലവറയായ കൂണ്‍കൃഷി ചകിരിച്ചോറില്‍ ചെയ്യുന്നതുവഴി ചെലവുകുറയ്ക്കാമെന്നും പരിസ്ഥിതിയെ സംരക്ഷിക്കാമെന്നും കുട്ടികള്‍ അവകാശപ്പെടുന്നു. അണുനശീകരണം നടത്തിയ ചകിരിച്ചോറാണ് ഇതിനുപയോഗിക്കുന്നത്. കടിഞ്ഞിമൂലയിലെ കര്‍ഷകശാസ്ത്രജ്ഞനായ പി.വി.ദിവാകരന്റെ ബോധവത്കരണക്ലാസും നടന്നു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, സയന്‍സ് അധ്യാപിക കെ.സ്വപ്ന എന്നിവരാണ് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്.